ദില്ലി: രണ്ടില ചിഹ്നം കിട്ടാന്‍ കോഴ വാഗ്ദാനം ചെയ്തെന്ന കേസില്‍ ടിടിവി ദിനകരനെതിരെ കൂടുതല്‍ തെളിവുകള്‍. ദിനകരന്‍റേയും സുകേഷ് ചന്ദ്രശേഖറിന്റെയും ഫോണ്‍ സംഭാഷണങ്ങള്‍ ശേഖരിച്ചതായി ദില്ലി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞടുപ്പുകമ്മീഷനെ സ്വാധീനിയ്‌ക്കാന്‍ ദിനകരനെയും സുകേഷിനെയും സഹായിച്ച ഒരു ഉദ്യോഗസ്ഥനുണ്ടെന്നും അയാളെക്കുറിച്ചന്വേഷിച്ചു വരികയാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

സുകേഷിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും.ആര്‍ കെ നഗ‍ര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പേ, രണ്ടിലച്ചിഹ്നത്തിനും പാര്‍ട്ടി പദവികള്‍ക്കും വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശശികലയുടെ ബന്ധു കൂടിയായ ടിടിവി ദിനകരന്‍ ശ്രമിച്ചതായാണ് കേസ്. ഇതിന് ഇടനിലക്കാരനായ കര്‍ണാടക സ്വദേശി സുകേഷ് ചന്ദ്രശേഖര്‍ വഴിയാണ് കോഴപ്പണം കൈമാറാന്‍ ശ്രമിച്ചതെന്നാണ് ദില്ലി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

ഇതിന് തെളിവായി ദിനകരന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിയ്‌ക്കാന്‍ അനുവദിയ്‌ക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ ദില്ലി തീസ് ഹസാരി കോടതി അംഗീകരിച്ചിരുന്നു. ശേഖരിച്ച ശബ്ദരേഖകളില്‍ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിനകരനും വിവാദ ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖറും തമ്മിലുള്ള സംഭാഷണങ്ങള്‍ ഉണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ശബ്ദരേഖയില്‍ ഉപതെരഞ്ഞെടുപ്പ് അഞ്ചാം തീയതിയിലേയ്‌ക്ക് മാറ്റാനാകുമോ എന്ന് ദിനകരന്‍ സുകേഷിനോട് അന്വേഷിയ്‌ക്കുന്നുണ്ട്.

അഞ്ച് തന്റെ ഭാഗ്യനമ്പറാണെന്നും അന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ തീര്‍ച്ചയായും വിജയിയ്‌ക്കുമെന്നും ദിനകരന്‍ സുകേഷിനോട് പറഞ്ഞതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സുകേഷ് ചന്ദ്രശേഖറിന്‍റെ ജാമ്യാപേക്ഷ പരിഗണിയ്‌ക്കരുതെന്നും കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. സുകേഷിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും.