കിഫ്ബിയുടെ കടമെടുപ്പിനെ ധനവകുപ്പ് എതിർത്തതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ബിശ്വനാഥ് സിൻഹയെ ആഴ്ചകൾക്കുള്ളിൽ മാറ്റി

തിരുവനന്തപുരം: കിഫ്ബിയുടെ കടമെടുപ്പുമായി ബന്ധപ്പെട്ട് ധനവകുപ്പ് ഉന്നയിച്ച എതിർപ്പുകൾ മറികടന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. കിഫ്ബി കടമെടുക്കുന്നത് സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും ഉയർന്ന പലിശബാധ്യതയുണ്ടാക്കുമെന്നും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ മുന്നറിയിപ്പ് നൽകിയിരുന്നു. 2023 ജൂൺ ആറിന് നടന്ന യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന ആശങ്കയാണ് യോഗത്തിൽ ബിശ്വനാഥ് സിൻഹ പങ്കുവെച്ചത്. കിഫ്ബിക്ക് അധിക ഗ്യാരണ്ടി നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ധനവകുപ്പിന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ എതിർപ്പുകൾ മറികടന്ന് കിഫ്ബിക്ക് മൂന്നുവർഷത്തേക്ക് അധിക ഗ്യാരണ്ടി നൽകാനാണ് യോഗത്തിൽ തീരുമാനമായത്.

ധനവകുപ്പിന്റെ എതിർപ്പ് അറിയിച്ച ഉദ്യോഗസ്ഥനെ ആഴ്ചകൾക്കുള്ളിൽ സ്ഥാനത്തുനിന്ന് മാറ്റി. യോഗം നടന്ന് ആഴ്ചകൾക്കുശേഷം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹയെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു