കടുത്ത അന്ധവിശ്വാസവും മാനസിക വിഭ്രാന്തിയിലുണ്ടായ മിഥ്യാധാരണകളുമാണ് ബുറാഡിയിലെ കൂട്ടമരണത്തിന് പിന്നില്‍ എന്നാണ് പൊലീസ് വിലയിരുത്തല്‍

ദില്ലി: ദില്ലിയിലെ ബുറാഡിയിലെ 11 അംഗ കുടുംബത്തിന്‍റെ കൂട്ടമരണം തീരുമാനിച്ചുറപ്പിച്ച കൂട്ട ആത്മഹത്യയെന്ന് ഉറപ്പിക്കുന്ന കൂടുതൽ തെളിവുകള്‍ പുറത്ത്. കുടുംബത്തിന്‍റെ ഡയറിക്കുറിപ്പുകള്‍ കൂടാതെ ഇതു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. കടുത്ത അന്ധവിശ്വാസവും മാനസിക വിഭ്രാന്തിയിലുണ്ടായ മിഥ്യാധാരണകളുമാണ് ബുറാഡിയിലെ കൂട്ടമരണത്തിന് പിന്നില്‍ എന്നാണ് പൊലീസ് വിലയിരുത്തല്‍. 

എന്നാല്‍ ഇത് മരണമല്ല മോക്ഷം നേടുന്നതെന്നാണ് ഡയറിക്കുറിപ്പുകള്‍ വിശദമാക്കുന്നത്. നാരായണി ദേവിയുടെ ഇളയ മകൻ ലളിത്തിന്‍റെ നിര്‍ദേശം എല്ലാവരും അനുസരിച്ച് ജീവനൊടുക്കിയെന്നാണ് നിഗമനം. മരിച്ച അച്ഛന്‍റെ ആത്മാവ് മോക്ഷത്തിനായി ഉപദേശിച്ചുവെന്നും എല്ലാവരെയും അച്ഛന്‍റെ അത്മാവ് രക്ഷിക്കുമെന്നും ഡയറിക്കുറിപ്പിലുണ്ട്. കപ്പിൽ വെള്ളം വയ്ക്കുക, വെളളത്തിന്‍റെ നിറം മാറും.അപ്പോള് ഞാനെത്തി എല്ലാവരെയും രക്ഷിക്കും. ഇങ്ങനെ അച്ഛന്‍റെ ആത്മാവ് പറഞ്ഞതായി ലളിത്തിന്‍റെ അവസാന ഡയറിക്കുറിപ്പിലുണ്ട്.

ജീവനൊടുക്കാൻ മുന്‍കൂട്ടിയെടുത്ത തീരുമാനം പൂര്‍ണമനസോടെ എല്ലാവരും ചേര്‍ന്ന് നടപ്പാക്കിയെന്ന നിഗമനം ബലപ്പെടുത്തുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍. നാരയണി ദേവിയുടെ മൂത്ത മരുമകള്‍ സ്റ്റൂളുകള്‍ വാങ്ങി ശനിയാഴ്ച രാത്രിയോടെ സ്റ്റൂളുകള്‍ വാങ്ങി വരുന്ന ദൃശ്യങ്ങളാണ് ഇതിലൊന്ന്. കുട്ടികളാണ് കഴുത്തിൽ കുരുക്കിടാനുള്ള കയര്‍ വാങ്ങി വന്നത്. അന്ത്യ അത്താഴത്തിനായി 20 റൊട്ടികള്‍ രാത്രി പത്തു മണിയോടെ കുടുംബം ഓര്‍ഡര്‍ ചെയ്തു വരുത്തി. 

അവസാന ഭക്ഷണം എല്ലാവര്‍ക്കും അമ്മ വിളമ്പണമെന്ന് ഡയറിക്കുറപ്പിലുണ്ട്. കണ്ണും ചെവിയും വായയും മൂടണമെന്നും കുറിപ്പില്‍ നിര്‍ദേശിക്കുന്നു. ഞായറാഴ്ച പുലര്‍ച്ച ഒരു മണിയോടെ എല്ലാവരും തൂങ്ങി മരിച്ചു.