കൊച്ചി: ഓഖി ദുരന്തത്തിൽപ്പെട്ട് കടലിൽ കുടുങ്ങിയ 65 പേർ കൂടി തീരത്തേക്ക്. ലക്ഷദ്വീപിൽ നിന്ന് ആറ് ബോട്ടുകളിലായാണ് ഇവരെ കൊച്ചിയിലെത്തിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സ്വദേശികളാണ്. ഇവരില്‍ ഭൂരിഭാഗം പേരും ചുഴലിക്കാറ്റില്‍ പെട്ട് ലക്ഷദ്വീപില്‍ അഭയം തേടിയവരാണ്. ഇവരില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായം ലഭ്യമാക്കിയതിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് മടങ്ങാനുള്ള സംവിധാനങ്ങളൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

അതേസമയം ചുഴലിക്കാറ്റിൽ പെട്ട് മടങ്ങിയെത്താത്തവര്‍ക്കായി തിരുവനന്തപുരം ലത്തീൻ അതിരൂപത ഇന്ന് പ്രാർത്ഥനാ ദിനം ആചരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റിൽ പെട്ട് ഇനിയും തീരമണയാത്തവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ ലത്തീൻ ദേവാലയങ്ങളിൽ നടന്നു. ദുരന്തനിവാരണസംവിധാനങ്ങള്‍ വേണ്ടരീതിയില്‍ പ്രവർത്തിച്ചില്ലെന്ന് പള്ളികളിൽ വായിച്ച ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ സന്ദേശത്തിൽ വിമർശിച്ചു.