ന്യൂഡല്‍ഹി: രാജ്യത്തെ ഇലക്ട്രിക് കാര്‍ വ്യവസായത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കേണ്ട നടപടികളെക്കുറിച്ച് നീതി ആയോഗ് ഉടന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും ഇത് നടപ്പാക്കുന്നതോടെ ഇലക്ട്രിക് കാറുകള്‍ക്ക് വലിയ ഇളവുകള്‍ പ്രതീക്ഷിക്കാം ഒരു ദേശീയ മാധ്യമത്തോടായി ഗഡ്കരി പറഞ്ഞു. 

ഇലക്ട്രിക്ക് വാഹനങ്ങള്‍ ഭാവിയുടെ ആവശ്യമാണ്. രാജ്യവ്യാപകമായി പെട്രോള്‍ പമ്പുകള്‍ പോലെ ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചു കൊണ്ട് സര്‍ക്കാര്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രചരണണത്തിന് വേണ്ട സഹാചര്യമൊരുക്കും ഗ്കരി പറയുന്നു.രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കള്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി പ്രത്യേക സംരഭങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ രംഗത്ത് വലിയ പരിഷ്‌കാരം നടപ്പാക്കുമെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്. 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഊബറുമായി ചേര്‍ന്നും ടോയോട്ട സുസുക്കിയുമായി സഹകരിച്ചും ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയതതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. 2020-ഓടെ ഈ കമ്പനികളുടെ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ റോഡുകളിലിറങ്ങും. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ റോഡുകളില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ നിറയുമെന്ന് നേരത്തെ ഗഡ്കരി പറഞ്ഞിരുന്നത് ചര്‍ച്ചയായിരുന്നു. 

അതേസമയം ഇലക്ട്രിക്ക് കാറുകളോട് അനുകൂലമായ നിലപാട് സ്വീകരിക്കുമെങ്കിലും ഡ്രൈവറില്ലാ കാറുകള്‍ രാജ്യത്ത് ഓടിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനമെടുക്കുന്നില്ലെന്ന് ഗഡ്കരി വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ 22 ലക്ഷം കാര്‍ ഡ്രൈവര്‍മാരുടെ ഒഴിവുണ്ടെന്നാണ് കണക്ക്. രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ വാഹനമോടിച്ചു ജീവിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഡ്രൈവറില്ലാ വാഹനങ്ങള്‍ ഈ ഘട്ടത്തില്‍ പ്രൊത്സാഹിപ്പിച്ചാല്‍ ശരിയാവില്ല - ഗഡ്കരി വ്യക്തമാക്കുന്നു. 

ഇന്ത്യയ്ക്ക് വേണ്ടി വാഹനനിര്‍മ്മാതാക്കള്‍ വലിയ പദ്ധതികള്‍ തയ്യാറാക്കേണ്ട സമയമാണിത്. ഒരു ദിവസം 28 കി.മീ എന്ന കണക്കിലാണ് ഇന്ത്യയില്‍ പുതിയ റോഡുകള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ് ഇതൊരു സര്‍വ്വകാല റെക്കോര്‍ഡാണ്. 2018 പകുതിയോടെ ഇത് പ്രതിദിനം 40 കി.മീ ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് - ഗഡ്കരി വിശദീകരിക്കുന്നു. 

ഡല്‍ഹി നഗരത്തിലെ കനത്ത ട്രാഫിക്ക് ബ്ലോക്കുകള്‍ വൈകാതെ അപ്രത്യക്ഷമാക്കുമെന്നാണ് മന്ത്രിയുടെ മറ്റൊരു വാഗ്ദാനം. ജനുവരി 26-ന് മുന്‍പായി കിഴക്കന്‍ ഡല്‍ഹിയിലൂടെയുള്ള പുതിയ ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 14 വരികളുള്ള മീററ്റ് എക്‌സ്പ്രസ്സ് ഹൈവേയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ഡിംസബറിന് മുന്‍പായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് - മന്ത്രി കൂട്ടിച്ചേര്‍ത്തു.