കോണ്‍ഗ്രസ് എസ് എംഎല്‍എ രാമചന്ദ്രന്‍ കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പ് നല്‍കാന്‍ തീരുമാനം. ഇന്ന് രാവിലെ നടന്ന ഇടതു മുന്നണി കക്ഷി നേതാക്കളുടെ യോഗത്തിലാണ് തീരുമാനമായത്. കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാറില്‍ ദേവസ്വം വകുപ്പാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി കൈകാര്യം ചെയ്തിരുന്നതെങ്കിലും ഇത്തവണ ദേവസ്വം വകുപ്പ് സിപിഎം തന്നെ തിരിച്ചെടുക്കുകയായിരുന്നു. മാത്യു ടി തോമസിന് ഗതാഗത വകുപ്പും എകെ ശശീന്ദ്രന് ഗതാഗത വകുപ്പും നല്‍കാനും മുന്നണി നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. കെഎസ്ആര്‍ടിസിക്ക് മുന്‍ഗണന നല്‍കുമെന്ന് നിയുക്ത മന്ത്രി എകെ ശശീന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

വൈകുന്നേരം നാലു മണിക്കാണ് സത്യപ്രതിജ്ഞ. രാവിലെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. മന്ത്രിമാരുടെ വകുപ്പ് നിര്‍ണ്ണയം പൂര്‍ത്തിയാവത്തതിനാല്‍ പേരുകള്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം അഞ്ചു മണിക്ക് പുതിയ മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ ചായ സല്‍ക്കാരം നല്‍കും. ഇതിന് ശേഷം 5.45ന് പുതിയ സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭായോഗം നടക്കും.