പേമാരിക്കും മണ്ണിടിച്ചിലിനും ശേഷവും പശ്ചിമഘട്ടത്തെ നശിപ്പിച്ച് കൂടുതൽ കരിങ്കൽ ക്വാറികൾ തുറക്കാന്‍ നീക്കം. വിഴിഞ്ഞം തുറമുഖത്തിനടക്കം വൻകിട പദ്ധതികൾക്കായി കൂടുതൽ ക്വാറികൾ തുറക്കാൻ നീക്കം തുടങ്ങി. പശ്ചിമഘട്ടത്തെ നശിപ്പിച്ചുകൊണ്ടാണോ നവകേരള നിർമ്മിതിയെന്ന് ഇനിയെങ്കിലും സർക്കാർ തീരുമാനിക്കണമെന്നാണ് ആവശ്യം.
പത്തനംതിട്ട: പേമാരിക്കും മണ്ണിടിച്ചിലിനും ശേഷവും പശ്ചിമഘട്ടത്തെ നശിപ്പിച്ച് കൂടുതൽ കരിങ്കൽ ക്വാറികൾ തുറക്കാന്‍ നീക്കം. വിഴിഞ്ഞം തുറമുഖത്തിനടക്കം വൻകിട പദ്ധതികൾക്കായി കൂടുതൽ ക്വാറികൾ തുറക്കാൻ നീക്കം തുടങ്ങി. പശ്ചിമഘട്ടത്തെ നശിപ്പിച്ചുകൊണ്ടാണോ നവകേരള നിർമ്മിതിയെന്ന് ഇനിയെങ്കിലും സർക്കാർ തീരുമാനിക്കണമെന്നാണ് ആവശ്യം.
പശ്ചിമഘട്ടമലനിരകളുടെ താഴ്വാരത്തില്‍ പ്രവര്‍ത്തിക്കുന്നത് നിരവധി ക്വാറികളാണ്. പത്തനംതിട്ടയിലെ കോന്നിയിലാണ് ഏറ്റവും കൂടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലൊന്ന്. വനങ്ങൾ അതിരുന്ന ഇവിടെ എണ്ണിയാലൊടുങ്ങാത്ത പാറമടകൾ പ്രവര്‍ത്തിക്കുന്നുണ്ട്. കലഞ്ഞൂർ പഞ്ചായത്തിൽ മാത്രം അഞ്ച് ക്വാറികളും ഒൻപത് ക്രഷർ യൂണിറ്റുകളുമാണ് ഒരേസമയം പ്രവര്‍ത്തിക്കുന്നത്. പശ്ചിമഘട്ടത്തെ കീറിമുറിച്ച്, തുണ്ട് തുണ്ടാക്കി തൂക്കി വിൽക്കകയാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നത്. ഇവിടേക്കാണ് വിഴിഞ്ഞം പദ്ധിക്കായി പാറതേടി അദാനിയും എത്തിയിരിക്കുന്നത്. കൂടൽ വില്ലേജിലുളള ബ്ലോക്ക് നമ്പർ 30, 32 എന്നിവിടങ്ങളിൽ ഇനി സർക്കാറിന്‍റെ വിവിധ പദ്ധതിക്കായി പശ്ചിമഘട്ടത്തെ അരിഞ്ഞെടുക്കാനുള്ള നടപടികള്‍ വീണ്ടും തുടങ്ങാന്‍ ശ്രമമാരംഭിച്ചു.
പാറമടകൾ കൊണ്ട് പൊറുതിമുട്ടിയ നിരവധി ഗ്രാമങ്ങളുണ്ട് പശ്ചിമഘട്ടത്തിൽ. അതിലൊന്നാണ് കോന്നിക്കടുത്തുളള മാങ്കോട്. ആറടി മാത്രം വീതിയുളള റോഡിലൂടെ ടൺ കണക്കിന് കരിങ്കല്ലാണ് മലയിറങ്ങിപ്പോകുന്നത്. സാധാരണ ടിപ്പർ ലോറിയിൽ ആറു ടണ്ണോളം കരിങ്കല്ലാണ് കയറ്റാൻ അനുമതിയുളളത്. എന്നാൽ കൊണ്ടുപോകുന്നത് അതിന്‍റെ ഇരട്ടിയിലധികം. കൂടുതൽ ഭാരം കയറ്റുന്ന ട്രക്കുകൾ വന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ലോല മേഖലകളിൽ ഖനനം പാടില്ലെന്നായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ. ഭൂമി കുലുക്കവും, മണ്ണിടിച്ചിലും ഉരുൾ പൊട്ടലിലുമുണ്ടാകുമെന്നും വനങ്ങൾ വരണ്ട്, ഉറവ വറ്റിപ്പോകുമെന്നും ശുപാര്‍ശയില്‍ വിശദമാക്കിയിരുന്നു. പ്രളയത്തിനുശേഷം നവകേരള നിർമിതിക്കൊരുങ്ങുന്ന സർക്കാര്‍ പാരിസ്ഥിതികകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയായിരിക്കും പുതുകേരള നിര്‍മ്മിതിക്കുള്ള പദ്ധതികള്‍ തയ്യാറാക്കുകയെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ പാറമടകളെല്ലാം തന്നെ വീണ്ടും തുറക്കാന്‍ ആരംഭിച്ചത് ഏറെ ആശങ്കയാണ് ഉയര്‍ത്തുന്നത്.
