വയനാട്ടില്‍ കൂടുതല്‍പേര്‍ ഇന്നലെ വൈകുന്നേരത്തോടെയും ഇന്നുമായി ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. 23000 ലധികം പേരാണ് ക്യാമ്പുകളിലെത്തിയിട്ടുള്ളത്. രാത്രിയും പുലര്‍ച്ചെയും കനത്ത മഴ പെയ്തത് ഒഴിച്ചാല്‍ ഇപ്പോള്‍ ജില്ലയിലുടനീളം തെളിഞ്ഞ അന്തരീക്ഷമാണ്. മഴക്കെടുതികള്‍ കൂടുതല്‍ പേരെ ബാധിച്ചിട്ടുള്ളത് മാനന്തവാടി വൈത്തിരി താലൂക്കൂകളിലാണ്.

കല്‍പ്പറ്റ: വയനാട്ടില്‍ കൂടുതല്‍പേര്‍ ഇന്നലെ വൈകുന്നേരത്തോടെയും ഇന്നുമായി ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. 23000 ലധികം പേരാണ് ക്യാമ്പുകളിലെത്തിയിട്ടുള്ളത്. രാത്രിയും പുലര്‍ച്ചെയും കനത്ത മഴ പെയ്തത് ഒഴിച്ചാല്‍ ഇപ്പോള്‍ ജില്ലയിലുടനീളം തെളിഞ്ഞ അന്തരീക്ഷമാണ്. മഴക്കെടുതികള്‍ കൂടുതല്‍ പേരെ ബാധിച്ചിട്ടുള്ളത് മാനന്തവാടി വൈത്തിരി താലൂക്കൂകളിലാണ്. മാനന്തവാടിയലെ പായോടും കുഴിനിലത്തും വള്ളിയൂര്‍ക്കാവിലും റോഡിലെ വെള്ളക്കെട്ട് കാരണം കണ്ണൂര്‍, തലശേരി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ പഞ്ചായത്തുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇന്ന് കൂടുതല്‍ ക്യാമ്പുകള്‍ കൂടി ഇവിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. 

നിലവില്‍ 183 കേന്ദ്രങ്ങളിലായി 6356 കുടുംബങ്ങളിലെ 22964 പേരാണ് കഴിയുന്നത്. ദുരിതാശ്വസാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വയനാട് ജില്ലയുടെ മുന്‍ കലക്ടറായിരുന്ന കേശവേന്ദ്രകുമാറിനെക്കൂടി നിയോഗിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കാരാപ്പുഴ ഡാം ഷട്ടറുകള്‍ കഴിഞ്ഞ ദിവസം മുപ്പത് സെന്റീമീറ്റര്‍ ഉയര്‍ത്തിയരുന്നു. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ അല്‍പ്പം താഴ്ത്തിയിട്ടുണ്ട്. 255 സെന്റീമീറ്ററാണ് ഷട്ടറുകളുടെ നിലവിലെ ഉയരം. അവസാനം ലഭിച്ച വിവരമനുസരിച്ച് 96.67 മില്ലിമീറ്ററാണ് കഴിഞ്ഞ 24 മണിക്കൂറില്‍ വയനാട്ടില്‍ ലഭിച്ച മഴ. മാനന്തവാടി താലൂക്കിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. 113 മില്ലിമീറ്റര്‍. വൈത്തിരിയില്‍ 111.4, ബത്തേരിയില്‍ 65.6 മില്ലീമീറ്റര്‍ എന്നിങ്ങനെയാണ് മഴയുടെ കണക്ക്.