കൊച്ചി: മകളെ ബ്രയിന്‍ വാഷ് ചെയ്ത് മതംമാറ്റുകയായിരുന്നെന്ന് എറണാകുളം തമ്മനത്ത് നിന്ന് കാണാതായ മെറിന്റെ അമ്മ മിനി മറിയം. കുടുംബത്തെയും മതം മാറ്റാന്‍ ശ്രമം ഉണ്ടായിരുന്നു. ഇതിന് മുമ്പും മകളും ഭര്‍ത്താവ് യഹിയയും ശ്രീലങ്കയില്‍ പോയിട്ടുണ്ട്. മതപഠനത്തിനാണ് പോയതെന്നാണ് അന്ന് പറഞ്ഞത്. നാലാഴ്ചയായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ല. യഹിയയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഉടന്‍ പൊലീസില്‍ പരാതി നല്‍കാനാണ് വീട്ടുകാരുടെ തീരുമാനം.
കഴിഞ്ഞദിവസമാണ് കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്ന് പതിനഞ്ചോളം പേര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ പുറത്തു വന്നത്. ഈ പശ്ചാത്തലത്തിലാണ് കാണാതായവരുടെ ബന്ധുക്കള്‍ പരാതിയുമായി എത്തിയത്. തിരുവനന്തപുരത്ത് നിന്നുള്ള ഫാത്തിമ നിമിഷയുടെ അമ്മ ബിന്ദു കൂടുതല്‍ വെളിപ്പെടുത്തലുമായി മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മെറിന്റെ അമ്മ മിനി മറിയവും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. നിമിഷയും മെറിനുമൊക്കെ ഐ എസില്‍ ചേര്‍ന്നതായാണ് ഇവരുടെ അമ്മമാരും ബന്ധുക്കളും സംശയിക്കുന്നത്.
