കോഴിക്കോട്: ജിഷ്ണുപ്രണോയിയുടെ വായക്കുള്ളിലും, മൃതദേഹം കണ്ടെത്തിയ ശുചിമുറിയിലും രക്തമുണ്ടായിരുന്നുവെന്നുവെന്ന് സഹപാഠിയുടെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന്‍റെ ശബ്ദരേഖ ബന്ധുക്കള്‍ പുറത്ത് വിട്ടു.തുടക്കം മുതലേ കേസ് അട്ടിമറിക്കാനുള്ള ശ്രമം ഇതോടെ വ്യക്തമായെന്ന് ബന്ധുക്കള്‍ പറയുന്നു.
ജിഷ്ണുവിന്റെ മൃതദേഹം ആദ്യം കണ്ട സഹപാഠികളില്‍ ഒരാളുടെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ജിഷ്ണുവിന്റെ വായക്കുള്ളിലും, ശുചിമുറിയിലും രക്തം കണ്ടതായി സഹപാഠി പറയുന്നു.

എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. കേസ് അട്ടിമറിച്ചുവെന്ന തുടക്കംമുതലേയുള്ള ബന്ധുക്കളുടെ ആരോപണത്തിന് ബലം പകരുന്ന കാര്യങ്ങളാണ് ജിഷ്ണുവിന്‍റെ സഹപാഠി വെളിപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ നെഹ്റു കോളേജില്‍ ഇടിമുറിയായി ഉപയോഗിച്ചിരുന്ന വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലും, ജിഷ്ണു താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയിലും രക്തക്കറ കണ്ടിരുന്നു. കൂടുതല്‍ സാഹചര്യ തെളിവുകളും, വെളിപ്പെടുത്തലുകളും പുറത്ത് വരുന്ന സാഹചര്യത്തില്‍ ജിഷ്ണുവിനെ കൊലപ്പെടുത്തിയതാണോയെന്ന സംശയം ബലപ്പെടുകയാണ്.

കേസിലെ പ്രതികള്‍ക്കെതിരെ ഇന്നലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചിരുന്നു. ഒന്നാം പ്രതി നെഹ്രു കോളജ് മേധാവി പി. കൃഷണദാസ്, രണ്ടാം പ്രതി പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥ്, വൈസ് പ്രിന്‍സിപ്പല്‍ എല്‍.കെ. ശക്തിവേല്‍ അധ്യാപകരായ പ്രദീപന്‍, ദിവിന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.