കൃഷി നശിപ്പിക്കുന്നതിന് പുറമെ വീടിനു സമീപത്തേക്ക് വരെ കാട്ടാനകള്‍ എത്താന്‍ തുടങ്ങിയതോടെ കൃഷിക്കാരും പ്രദേശവാസികളും ഭീതിയിലാണ്.

തൃശൂര്‍: മരോട്ടിച്ചാല്‍ ചുള്ളിക്കാവില്‍ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. മരോട്ടിച്ചാല്‍ ചുള്ളിക്കാവില്‍ കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാട്ടാനകളിറങ്ങി 150 ഓളം നേന്ത്രവാഴകളാണ് നശിപ്പിച്ചത്. മൂപ്പെത്താറായ നേന്ത്രവാഴകളാണ് ഇതില്‍ ഏറെയും. 

മരോട്ടിച്ചാല്‍ സ്വദേശികളായ വള്ളിത്തടത്തില്‍ ജിജോ, കള്ളിപറമ്പില്‍ ഫ്രാന്‍സിസ്, കൊച്ചുകുന്നേല്‍ സിബി എന്നിവരുടെ കൃഷിയിടത്തിലെ വാഴകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. ഒന്നര ലക്ഷത്തോളം രൂപയുടെ കൃഷിനാശം ഉണ്ടായതായി കര്‍ഷകര്‍ പറഞ്ഞു. നേരത്തെയും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ന്‍ അധികാരികള്‍ ഇതുവരെ തയ്യാറായില്ലെന്നും ഇവര്‍ ആരോപിച്ചു. 

വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ മേഖലയില്‍ സോളാര്‍ വൈദ്യുത വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും മഴക്കാലമായതിനാല്‍ ഇത് പ്രവര്‍ത്തനക്ഷമമല്ല. വൈദ്യുതവേലി തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് പ്രവേശിച്ചിട്ടുള്ളതും കൃഷി നശിപ്പിക്കുന്നതിന് പുറമെ വീടിനു സമീപത്തേക്ക് വരെ കാട്ടാനകള്‍ എത്താന്‍ തുടങ്ങിയതോടെ കൃഷിക്കാരും പ്രദേശവാസികളും ഭീതിയിലാണ്. കഴിഞ്ഞ ആഴ്ച കൊടകര കാരിക്കടവ് ചൊക്കന എസ്റ്റേറ്റ് പ്രദേശത്തും കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.