ദില്ലി: രാജ്യത്തെ രണ്ടുലക്ഷത്തിലധികം കമ്പനികളുടെ രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വാര്‍ഷിക വിറ്റുവരവ് രേഖകള്‍ സമര്‍പ്പിക്കാത്തതടക്കം രജിസ്‌ട്രേഷന്‍ നിബന്ധനകളും പ്രവര്‍ത്തന ചട്ടങ്ങളും പാലിക്കുന്നതില്‍ വീഴ്ച്ചവരുത്തിയ രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി മുപ്പത്തിരണ്ട് കമ്പനികളുടെ രജിസ്‌ട്രേഷനാണ് ഒറ്റയടിക്ക് റദ്ദാക്കിയത്. കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്ക് വീണ്ടും കമ്പനി രജിസ്റ്റര്‍ ചെയ്യും വരെ ബാങ്ക് ഇടപാടുകള്‍ നടത്താനാകില്ല. ഹവാല ഇടപാടുകളടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കടലാസു കമ്പനികള്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് മുന്പ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും തൃപ്തികരമായ മറുപടി കിട്ടാതെ വന്നതോടെയായിരുന്നു നടപടി. അംഗീകാരം റദ്ദാക്കിയ കമ്പനികളുടെ പട്ടിക കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.