2014 ജൂൺ-ഡിസംബർ മാസങ്ങൾക്കിടയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണിതെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ, ഇറാഖിലെ പട്ടാളക്കാർ, പൊലീസുകാർ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് സ്ഥലത്തുനിന്നും ലഭിച്ചത്.
ബാഗ്ദാദ്: ഇറാഖിൽ 12,000ത്തോളം മൃതദേഹങ്ങള്‍ അടക്കം ചെയ്ത 200ല്‍ അധികം ശവക്കുഴികൾ കണ്ടെത്തിയതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിൽ ഉണ്ടായിരുന്ന പ്രദേശത്തു നിന്നാണ് ശവക്കുഴികൾ കണ്ടെത്തിയതെന്ന് യുഎൻ വ്യക്തമാക്കി.
2014 ജൂൺ-ഡിസംബർ മാസങ്ങൾക്കിടയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണിതെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ, ഇറാഖിലെ പട്ടാളക്കാർ, പൊലീസുകാർ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് സ്ഥലത്തുനിന്നും ലഭിച്ചത്. സിറിയൻ അതിർത്തിക്ക് സമീപമുള്ള നിൻവേ, കിർകുക്, സലാഹ്ൽ ദീൻ, അൻബർ എന്നിടങ്ങളിൽ നിന്നുമാണ് പ്രധാനമായും കുഴിമാടങ്ങൾ കണ്ടെത്തിയത്. 2017ൽ അമേരിക്കയുടെ പിൻതുണയോടെ നടത്തിയ വ്യാപക ആക്രമങ്ങളിൽ ഐഎസിന്റെ തട്ടകമായിരുന്നു ഈ പ്രദേശങ്ങൾ.
ഇറാഖിൽ 33,000ത്തോളം സിവിലിയന്മാർ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും 55,000ത്തോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. 202 കുഴിമാടങ്ങളിൽനിന്നുമായി 6,000 മുതൽ 12,000 വരെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. എന്നാൽ ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഇതുവരെ 28 കുഴിമാടങ്ങൾ കുഴിച്ച് 1,258 മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മൊസുളിലെ അൽ-ഖാസ്ഫായിൽനിന്നാണ് ഏറ്റവും കൂടുതൽ ശവക്കുഴികൾ കണ്ടെത്തിയത്. 4,000ത്തോളം ശവക്കുഴികളാണ് ഇവിടെനിന്നും കണ്ടെത്തിയത്.
അതേസമയം, കൂട്ടക്കുഴിമാടങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുന്നപക്ഷം ഇരകളെ തിരിച്ചറിയാനും ഏതുതരം കുറ്റകൃത്യങ്ങളാണ് ഇവർക്കുനേരെ നടത്തിയതെന്ന് തിരിച്ചറിയാൻ കഴിയും. ഇവ കുഴിച്ചെടുത്ത് ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറുകയെന്നത് സത്യത്തിന്റെയും നീതിയുടെയും ആവശ്യമാണെന്നും യുഎൻ വ്യക്തമാക്കി.
