നാഗപട്ടണം: തമിഴ്നാട്ടിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 25 കർഷകർ ആത്മഹത്യ ചെയ്തതായി കർഷകസംഘടനകൾ. കടം പെരുകി കഴിഞ്ഞ മാസം
ആത്മഹത്യ ചെയ്ത നാഗപട്ടണത്തെ മുരുഗയ്യന്‍റെ ഭാര്യ റാണിയുടെ ജീവിതം കാണാം. ബുദ്ധിവളർച്ചയില്ലാത്ത മകനും നല്ല മാർക്കുണ്ടെങ്കിലും പണമില്ലാത്തതിനാൽ പഠിത്തമവസാനിപ്പിച്ച മകൾക്കുമൊപ്പം ജീവിയ്ക്കാൻ ഇനിയെന്ത് വേണമെന്നറിയാതെ തളർന്നിരിയ്ക്കുകയാണ് റാണി.

വരണ്ടുണങ്ങിയ പാടങ്ങൾ പിന്നിട്ട് നാഗപട്ടണത്തിന്‍റെയും തഞ്ചാവൂരിന്‍റെയും അതിർത്തിയിലുള്ള പിരിഞ്ഞമൂലൈ എന്ന ഉൾനാടൻ ഗ്രാമത്തിലെത്തുമ്പോഴേയ്ക്ക് രാത്രിയായിരുന്നു. മുരുഗയ്യനും റാണിയും പാട്ടത്തിന് നിലം വാങ്ങി കുടിയേറിപ്പാർത്ത ചെറിയ വീട്ടിനു മുന്നിലെത്തിയപ്പോൾ എതിരേൽക്കാൻ ആദ്യമെത്തിയത് ഹരിഹരനാണ്. പത്തുവയസ്സായെങ്കിലും, ഇനിയും ബുദ്ധിയുറച്ചിട്ടില്ലെങ്കിലും, കാറുകൾ ഏറെയിഷ്ടമാണ് അൻപ് എന്ന് റാണി വിളിയ്ക്കുന്ന ഹരിഹരന്.
80000 രൂപയ്ക്ക് പാട്ടത്തിനെടുത്ത നിലത്ത്, മുരുഗയ്യൻ രണ്ട് തവണ നെല്ല് വിതച്ചതും കടം വാങ്ങിയിട്ടാണ്. മഴ ചതിച്ചു. 140 ലധികം അടി താഴ്ചയിൽ കുഴൽക്കിണർ കുത്തിയിട്ടും വെള്ളം കിട്ടിയില്ല. രണ്ട് വിളയും നശിച്ചു.
പ്ലസ്ടു പരീക്ഷയ്ക്കിടെയാണ് അച്ഛൻ മരിച്ച വിവരം നിത്യ അറിയുന്നത്. എന്നിട്ടും പോയി പരീക്ഷയെഴുതി. 70 ശതമാനം മാർക്കുണ്ട്. തുടർന്ന് പഠിയ്ക്കാൻ നിവൃത്തിയില്ല. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ സർക്കാർ പ്രഖ്യാപിച്ച മുഴുവൻ നഷ്ടപരിഹാരവും റാണിയ്ക്ക് കിട്ടില്ല. വിളനാശത്തിന് കിട്ടിയ തുച്ഛമായ തുക കടം വീട്ടാനേ തികഞ്ഞുള്ളൂ. സുഖമില്ലാത്ത മകനെയും വെച്ച് തൊഴിലുറപ്പ് പദ്ധതിയ്ക്ക് പോകാൻ പോലും റാണിയ്ക്കാവുകയുമില്ല. മകളുടെ പഠിത്തമവസാനിപ്പിച്ച്, അവളെ കൃഷിപ്പണിയ്ക്ക് വിടാതെ വേറെ മാർഗമില്ല. ഇനിയെന്ത് എന്ന ചോദ്യത്തിന് റാണിയ്ക്കും കുട്ടികൾക്കും വേറെ
ഇത് ഒരു കുടുംബത്തിന്‍റെ മാത്രം കഥയല്ല. കൃഷിയും ജീവിതവും വരണ്ടുപോയ ലക്ഷക്കണക്കിന് കർഷകരുണ്ട് കാവേരിതീരത്ത്. ഇതിന് പരിഹാരം കാണാൻ ഇച്ഛാശക്തിയുള്ള സർക്കാരിന് മാത്രമേ കഴിയൂ.
അതേ സമയം തമിഴ്നാട്ടിൽ വരൾച്ചയെത്തുടർന്ന് ദുരിതമനുഭവിയ്ക്കുന്ന കർഷകരുടെ സംഘടനകൾ ദില്ലിയിൽ ഇന്ന് വീണ്ടും സമരം തുടങ്ങുന്നു.
ജന്തർമന്ദറിലാണ് സമരം. നഷ്ടപരിഹാരമുൾപ്പടെ കേന്ദ്ര-സംസ്ഥാനസർക്കാരുകൾ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നുപോലും പാലിയ്ക്കപ്പെടാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഒന്നാംഘട്ടമായി 41 ദിവസം ദില്ലിയിൽ കർഷകർ സമരം നടത്തിയരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയെത്തി ചർച്ച നടത്തിയ ശേഷമായിരുന്നു അന്ന് സമരം പിൻവലിച്ചത്.
