സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരായി പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യത്തോടൊപ്പം പോരാടുന്ന റഷ്യന്‍ സേന വിമതരോട് ആക്രമണം അവസാനിപ്പിക്കാനും അലെപ്പോയില്‍ നിന്ന് പോകാനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റഷ്യയുടെ മുന്നറിയിപ്പ് തള്ളിയ വിമതര്‍ സര്‍ക്കാര്‍ സേനയ്‌ക്കെതിരെ ശക്തമായ ആക്രമണമാണ് അലെപ്പോയില്‍ നടത്തിയത്. വിമതരുടെ വ്യോമാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായും 200ലധികമാളുകള്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അലെപ്പോയുടെ പടിഞ്ഞാറാന്‍ ഭാഗത്തെ മിക്ക ജില്ലകളിലും സര്‍ക്കാര്‍ സേനയ്‌ക്കെതിരെ വിമതര്‍ ആക്രമണം കടുപ്പിച്ചതോടെ ഇരു വിഭാഗവും തമ്മില്‍ രൂക്ഷമായ സംഘര്‍ഷമാണ് ഉണ്ടായത്. 

ബുധനാഴ്ച റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുചിന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തെങ്കിലും ഇതുവരെ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനായിട്ടില്ല. ഇതിനിടെ സിറിയയിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് 100കണക്കിന് ക്രിത്രിമ കൈകള്‍ കൂട്ടിയിട്ട് ബ്രിട്ടണിലെ റഷ്യന്‍ എംബസിക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടന്നു. താലിബാന്‍ തീവ്രവാദികള്‍ക്കെതിരായി അഫ്ഗാനിസ്ഥാനില്‍ നാറ്റോ സൈന്യം നടത്തിയ വ്യോമാക്രണത്തില്‍ കുട്ടികളും സ്‌ത്രീകളുമടക്കം 30ലേറെ ആളുകള്‍ കൊല്ലപ്പെട്ടു.