ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്ന പകുതിയോളം തീര്‍ഥാടകര്‍ സൗദിയില്‍ എത്തി. ഇന്ത്യയില്‍ നിന്നുള്ള എല്ലാ തീര്‍ഥാടകര്‍ക്കും മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് ഉറപ്പു വരുത്തുമെന്ന് സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി അഹമദ് ജാവേദ് പറഞ്ഞു.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള ഒന്നേകാല്‍ ലക്ഷം തീര്‍ഥാടകരില്‍ 63,000ഓളം പേര്‍ സൗദിയില്‍ എത്തി. 230 ഹജ്ജ് വിമാനങ്ങള്‍ ഇതുവരെ ഇന്ത്യയില്‍ നിന്നും സര്‍വീസ് നടത്തി. മദീനയിലേക്കുള്ള വിമാന സര്‍വീസുകള്‍ ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ജിദ്ദയിലേക്കാണ് ഇപ്പോള്‍ എല്ലാ വിമാന സര്‍വീസുകളും. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഓരോ വര്‍ഷവും സൗദിയില്‍ സൗകര്യങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി അഹമദ് ജാവേദ് പറഞ്ഞു. തീര്‍ഥാടകര്‍ തിരിച്ചു പോകുന്നത് വരെ പുണ്യസ്ഥലങ്ങളില്‍ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് ഉറപ്പു വരുത്തും. ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള 59,000ഓളം തീര്‍ഥാടകരാണ് മദീനയില്‍ വിമാനമിറങ്ങിയത്. മദീനയിലെത്തിയ തീര്‍ഥാടകര്‍ എട്ടു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞാണ് മക്കയിലേക്ക് പോകുന്നത്. നിലവില്‍ ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ഥാടകരില്‍ പകുതിയോളം പേര്‍ മദീനയിലും പകുതി മക്കയിലുമാണുള്ളത്.
