കോഴിക്കോട്: ശബരിമലയിലേക്ക് കൂടുതൽ യുവതികളെ അയക്കാൻ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കുമെന്ന് സംഘാടകൻ ശ്രേയസ് കണാരൻ പറ‍ഞ്ഞു. മകരവിളക്കിന് മുന്പുതന്നെ വീണ്ടും സ്ത്രീകളെ സന്നിധാനത്ത് എത്തിക്കാനാണ് കൂട്ടായ്മയുടെ പദ്ധതി എന്ന് അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ സ്ത്രീകൾ വരുന്ന ദിവസങ്ങളിൽ ശബരിമല കയറും. 

ബിന്ദുവിനും കനകദുർഗ്ഗയ്ക്കും ശബരിമലയിൽ എത്താനായത് ഈ മാസം 24 മുതൽ നടത്തിയ സംഘടിതമായ ശ്രമത്തിന്‍റെ ഫലമായാണെന്ന്  ശ്രേയസ് കണാരൻ പറഞ്ഞു. ഒറ്റപ്പെട്ട സ്ത്രീ ഇടപെടലുകൾ പരാജയപ്പെടുന്ന നിലയ്ക്ക് ഇത് തുടരും. സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തുന്നത് അംഗീകരിക്കാൻ കേരളത്തിന്‍റെ മനസിനെ പരുവപ്പെടുത്തുക എന്നത് കൂട്ടായ ഇടപെടലുകളിലൂടെയേ നടക്കൂ. ആ ലക്ഷ്യത്തോടെയാണ് നവോത്ഥാന കേരളം കൂട്ടായ്മ രൂപീകരിച്ചത്.
 
അമ്പതോളം സ്ത്രീകൾ ശബരിമലയിൽ പോകണമെന്ന താൽപ്പര്യം ഫേസ്ബുക്ക് കൂട്ടായ്മയെ അറിയിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഒപ്പം ശബരിമല ചവിട്ടാൻ നൂറിലധികം പുരുഷൻമാരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. മൂന്ന് നാല് ദിവസത്തിനുള്ളിൽ തന്നെ ശബരിമലയിൽ വീണ്ടും യുവതീ പ്രവേശനം നടന്നു എന്ന വാർത്ത കേൾക്കാനാകും എന്നും ശ്രേയസ് കണാരൻ അറിയിച്ചു.