തിരൂർ: പഞ്ചായത്തിന്റെ വാക്ക് വിശ്വസിച്ച് പഴയ വീട് പൊളിച്ച ഒരു അമ്മയും മകളും ദുരിതത്തിൽ. വൃക്കരോഗിയായ മകളുമായി പൊളിഞ്ഞുവീഴാറായ ഓലഷെഡ്ഡിലാണ് മാറഞ്ചേരി അരിക്കാട്ടില്‍ ലക്ഷംവീട് കോളനിയിലെ നഫീസുമ്മയുടെ ഇപ്പോഴത്തെ താമസം. പുതിയ വീട് പണിയാൻ പണം തരാമെന്ന മാറഞ്ചേരി പഞ്ചായത്തിന്റെ വാക്ക് വിശ്വസിച്ചാണ് നഫീസുമ്മ രണ്ട് വർഷം മുന്പ് വീട് പൊളിച്ചത്.

രണ്ടു വര്‍ഷം മുമ്പാണ് അന്നത്തെ പഞ്ചായത്തംഗം നഫീസുമ്മയോട് പുതിയ വീട് ഉണ്ടാക്കുന്നതിനെ പറ്റി പറഞ്ഞത്. പൊളിഞ്ഞുവീഴാറായ പഴയ വീട് പൊളിച്ച് പുതിയ വീടുണ്ടാക്കാൻ 2 ലക്ഷം രൂപ എം എൻ പദ്ധതിയിലൂടെ പഞ്ചായത്ത് നല്‍കും. വാക്ക് വിശ്വസിച്ച നഫീസുമ്മ ഫണ്ടിനായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി മടുത്തു. വൃക്കരോഗിയായ മകള്‍ ഫൗസിയയുടെ ചികിത്സക്ക് വേണ്ടി സമാഹരിച്ച തുക കൊണ്ട് തറ കെട്ടി. മകളുടെ രോഗവും തലക്ക് മുകളില്‍ പൊളിഞ്ഞുവീഴാറായ ഓലമേല്ക്കൂരയും നഫീസുമ്മയുടെ ഉറക്കം കെടുത്തുകയാണ്.

ആഴ്ചയില്‍ 2 തവണ ഡയാലിസിസ് ചെയ്യേണ്ട ദുരിതത്തിലാണ് ഫൗസിയ. ഈ 25 കാരിക്ക് ഒരുവൃക്ക മാത്രമേ ഉള്ളൂ. ഭൂമിയുടെ ഉടമസ്ഥാവകാശം നഫീസുമ്മയുടെ പേരിലേക്ക് മാറ്റിയെഴുതാൻ വന്ന കാലതാസമാണ് ഫണ്ട് വൈകാൻ കാരണമായതെന്ന് വാര്‍ഡ് മെമ്പര്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കുന്ന സംഖ്യ കൊണ്ട് ഇവരുടെ എല്ലാ ആവശ്യവും നിറവേറില്ലെന്നുറപ്പ്. മനസ്സുവേക്കേണ്ടത് ഹൃദയത്തില്‍ നന്മയുള്ളവര്‍ കൂടിയാണ്.