അമൃത്‍സര്‍: അമ്മയുടെയും മകളുടെയും കത്തിക്കരിഞ്ഞ ശരീരം താമസസ്ഥലത്ത് നിന്ന് കണ്ടെത്തി. ഗഗന്‍ദീപ് വര്‍മ്മ(41) മകള്‍ ശിവ്നെയ്നി (21) എന്നിവരെയാണ് പഞ്ചാബിലെ ദര്‍ശന്‍ നഗറിലെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗവണ്‍മെന്‍റ് ജോലിക്കാരിയായ ഗഗന്‍ദീപ് എഴുവര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. ഇവരുടെ മറ്റൊരു മകന്‍ കാനഡയില്‍ ഉന്നതവിദ്യാഭാസം ചെയ്യുകയാണ്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് മകന്‍ കാനഡയിലേക്ക് പോകുന്നത്. ഇതോടെ അമ്മയും മകളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
പുലര്‍ച്ചെ രണ്ടുമണിക്ക് വീട്ടിനുള്ളില്‍ നിന്നും പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു.
വീട്ടിലേക്കുള്ള പ്രധാന ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അമ്മയേയും മകളെയും അടുത്തറിയുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റുമാര്‍ട്ടം റിപ്പോട്ട് കിട്ടിയതിന് ശേഷം മാത്രമേ ബലാത്സംഗം നടന്നിട്ടുണ്ടോയെന്ന് തെളിയുകയുള്ളു.
