സംഭവം ബീഹാറിലെ ഗയ ജില്ലയിൽ അച്ഛനെ മരത്തിൽ കെട്ടിയിട്ടു അമ്മയും മകളെയും കൂട്ടബലാത്സംഗം ചെയ്തു പെൺകുട്ടിക്ക് പന്ത്രണ്ട് വയസ്സ്
ബീഹാർ: അച്ഛനെ മരത്തിൽ കെട്ടിയിട്ടതിന് ശേഷം ഇരുപത് പേർ ചേർന്ന് അമ്മയെയും മകളെയും തോക്കിൻ മുനയിൽ നിർത്തി കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് പന്ത്രണ്ട് വയസ്സാണ് പ്രായം. ബീഹാറിലെ ഗയ ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി വൈകുന്നേരത്തോടെ ക്ലിനിക്കിൽ നിന്നും മടങ്ങുകയായിരുന്ന ഡോക്ടറും കുടുംബവുമാണ് ആക്രമണത്തിനിരയായത്. മരൂഭൂമി പോലെയുള്ള പ്രദേശത്ത് കൂടിയായിരുന്നു ഇവർക്ക് പോകേണ്ടിയിരുന്നത്. പെട്ടെന്നാണ് ഇരുപത് പേരടങ്ങുന്ന സംഘം ഇവരെ വളഞ്ഞത്. ഭാര്യയെയും മകളെയും അപമാനിക്കാൻ തുനിഞ്ഞപ്പോൾ ഡോക്ടർ തടഞ്ഞു. എന്നാൽ അത്രയും പേരോട് പൊരുതി നിൽക്കാൻ തനിക്ക് കഴിഞ്ഞില്ല എന്ന് പൊലീസിനോട് ഡോക്ടർ പറഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തു. ശേഷിച്ചവരെ വ്യാഴാഴ്ച രാവിലെയും. സംഭവ സ്ഥലത്ത് നിന്ന് ഇവർക്ക് രക്ഷപ്പെടാൻ സാധിച്ചിട്ടുണ്ടായിരുന്നില്ല. പ്രദേശത്തെ ഗ്രാമീണരുടെ സഹായത്തോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇതേ സംഘം തന്നെ ഗ്രാമത്തിലെ ദമ്പതികളിൽ നിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുത്തിരുന്നതായി പൊലീസ് വെളിപ്പെടുത്തി.
സംഭവത്തിൽ ആർജെഡി നേതാവും ബീഹാർ മുൻ ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററുമായ തേജസ്വി യാദവ് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രംഗത്ത് വന്നിരുന്നു. നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേർന്നപ്പോൾ സംസ്ഥാനത്തെ നിയമവും നീതിയും കുഴിച്ചു മൂടപ്പെട്ടു എന്നായിരുന്നു സംഭവത്തെക്കുറിച്ച് തേജസ്വി യാദവിന്റെ പ്രതികരണം.
