തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ കുറ്റകൃത്യമാണ് വര്‍ക്കലയിലെ രണ്ടുവയസുകാരിയുടെ കൊലപാതകം.
കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസമാകുമെന്ന് കണ്ടതോടെ അമ്മയും കാമുകനും ചേര്‍ന്ന് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. 

ഇപ്പോള്‍ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കേസില്‍ പ്രതികളായ കാമുകി ഉത്തരയുടെ ഭര്‍ത്താവ് മനു രംഗത്ത് എത്തിയിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മനുവുമായുള്ള ബന്ധം അവസാനിപ്പിച്ച് കാമുകനായ രജീഷിനൊപ്പം താമസിച്ച് വരികയായിരുന്നു ഉത്തര. കുഞ്ഞിനെ ഉത്തര നിരന്തരം ഉപദ്രവിച്ചിരുന്നു. എന്നും കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളായിരുന്നെന്നും മനു പറഞ്ഞു. 

''കുഞ്ഞിനെ അവള്‍ ഉപദ്രവിക്കുമായിരുന്നു. എപ്പോഴും അടിക്കുമായിരുന്നു. രണ്ടുമാസം മുന്‍പാണ് രജീഷിനൊപ്പം ഇറങ്ങിപ്പോയത്. കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തിരുന്നു. കുഞ്ഞിനെ എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്. ഇപ്പോള്‍ കേസ് നടക്കുകയാണ്.' മനു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അവളാണ് കുഞ്ഞിനെ കൊന്നത്. ഞാനവനെ പൊന്നുപോലെ നോക്കുമായിരുന്നു. കുഞ്ഞിനെ ശരീരം മൊത്തം മുറിവുകളുണ്ടായിരുന്നത് താന്‍ കണ്ടതാണെന്നും മനു പറഞ്ഞു.

അതേ സമയം കുട്ടിയെ എങ്ങനെ കൊലപ്പെടുത്തി എന്നതിന് കൂടുതല്‍ വിശദീകരണം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് രജീഷിനൊപ്പം പോയി വാടകവീട്ടില്‍ താമസം തുടങ്ങിയതോടെ കുട്ടിയെ ഇവര്‍ ഉപദ്രവിച്ചു തുടങ്ങി. മുന്‍ ഭര്‍ത്താവിനോടുള്ള ദേഷ്യമായിരുന്നു കുട്ടിയോട് തീര്‍ത്തത്. വടികൊണ്ട് പുറത്തും കാലിലും അടിക്കുന്നതായിരുന്നു ആദ്യത്തെ രീതി. പിന്നിടെ തൊഴിക്കാന്‍ വരെ തുടങ്ങി. 

കുട്ടി മരിക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് നടന്ന മര്‍ദനമാണ് ഗുരുതരമായത്. തല പിടിച്ച് നിലത്ത് ഇടിക്കുക വരെ ചെയ്‌തെന്നാണ് കുട്ടിയുടെ ദേഹത്തെ മുറിവുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.വെള്ളിയാഴ്ച വൈകിട്ടോടെ കുട്ടി അവശനിലയിലായി , തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുട്ടിയെ ആറ്റിങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അബോധാവസ്തയിലായിരുന്ന കുട്ടിക്ക് വയറിളക്കമായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മലത്തിനൊപ്പം പഴുപ്പ് കണ്ടതോടെ കുട്ടിയെ എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. 

എന്നാല്‍  ഇവര്‍ കുട്ടിയുമായി വാടകവീട്ടിലേക്ക് പോവുകയാണ് ചെയ്തത്. വീട്ടിലെത്തി കുഞ്ഞിന് ഗ്ലൂക്കോസ് വെള്ളം നല്‍കാന്‍ ശ്രമിച്ചു. വൈകാതെ കുട്ടിയുടെ ബോധം പൂര്‍ണമായും നഷ്ടപ്പെട്ടു. വൈകിട്ട് നാല് മണിക്കാണ് പിന്നീട് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. വഴിമധ്യേ കുട്ടി മരിക്കുകയും ചെയ്തു. 

പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ കുട്ടി വീണ് പരുക്കേറ്റെന്നാണ് ഇവര്‍ പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ചോദിച്ചതോടെ മര്‍ദനം സമ്മതിച്ചു.