ദില്ലി: അവിഹിത ബന്ധം കണ്ട ആറുവയസുകാരി മകളെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ദില്ലിയില്‍ ബുധനാഴ്ചയാണ് സംഭവം. തന്‍റെ മകള്‍ ആഭിചാരകര്‍മ്മത്തില്‍ പെട്ടാണ് മരിച്ചതെന്ന് മാതാവ് ആദ്യം പോലീസില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. 

ദില്ലിയിലെ ഡയറി ഫാം ഏരിയയില്‍ വച്ച് സംഭവം. കാജലിന്റെ അമ്മ 29 കാരിയായ മുന്നി ദേവിയും 23കാരനായ കാമുകന്‍ സുധീറിനൊപ്പം കിടക്ക പങ്കിടുന്നതാണ് മകള്‍ കണ്ടത്. ഇത് അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞതാണ് ഇരുവരേയും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓംവീര്‍ പറഞ്ഞു. ബുധനാഴ്ചയാണ് കുട്ടിയുടെ കൊല നടന്നത്. കാമുകനാണ കഴുത്തറത്തത്. മകള്‍ ആ സമയം തടയുവാതിരിക്കുവാന്‍ അമ്മ കൈകള്‍ രണ്ടും കൂട്ടിപിടിക്കുകയായിരുന്നു.

കുട്ടിയുടെ അച്ഛനാണ് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് പരാതിയുമായി പോലീസിനെ സമീപിച്ചത്. മുകളിലെ നിലയിലിരുന്ന ടീവി കണ്ട കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. 9.30ഓടെ വീടിന്റെ പുറത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ലായിരുന്നു. പിന്നീട് രാത്രി 1.30 ഓടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. 

കാജലിനെക്കൂടാതെ മറ്റ് രണ്ട് മക്കള്‍കൂടി ഈ ദമ്പതികള്‍ക്കുണ്ട്. ഇതില്‍ നാലു വയസ്സുകാരനായ മകന്റെ മൊഴിയാണ് അമ്മയ്ക്ക് വിനയായത്. നീളമുള്ള കുര്‍ത്തയും ധരിച്ച താടി വച്ച ഒരാള്‍ രാത്രി വീട്ടില്‍ വന്നത് കണ്ടുവെന്നായിരുന്നു മൊഴി. 

ആഭിചാര ക്രിയക്ക് വന്നയാളാണെന്ന് പിന്നീട് അമ്മ പോലീസിനോട് പറയുകയായിരുന്നു. എന്നാല്‍ മൊഴിയില്‍ വിശ്വാസം വരാത്ത പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കേസ് തിരിച്ചു വിടുന്നതിനായി നാലു വയസ്സുകാരനായ മകനെ നുണ പഠിപ്പിച്ചതാണെന്ന് തെളിയുകയായിരുന്നു.