ഹൈദരാബാദ്: ആട്ടപ്പൊടി അബദ്ധത്തില്‍ നിലത്തുവീണതിന് 10 വയസ്സുകാരിയായ മകളെ അമ്മ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു. ആന്ധ്രാപ്രദേശിലെ രംഗറെഡ്ഡി ജില്ലയിലെ ഷാദ്‍നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഫാറൂഖ് നഗര്‍ മണ്ഡലിലെ ചിന്താഗുദേം റെസിഡന്‍റ് ഏരിയയിലെ സ്വരൂപ എന്ന സ്ത്രീയാണ് മകളായ രാധിക (10)യെ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് ഷാദ്‍നഗര്‍ പൊലീസ് പറയുന്നത് ഇങ്ങനെ. ചപ്പാത്തിയുണ്ടാക്കാന്‍ ഗോതമ്പു പൊടി വാങ്ങിക്കാന്‍ സ്വരൂപ മകളെ കടയിലേക്കു പറഞ്ഞയച്ചു. കുട്ടി സാധനവും വാങ്ങി വീട്ടിലെത്തിയപ്പോള്‍ ഗോതമ്പു പൊടി അബദ്ധത്തില്‍ നിലത്തു വീണു. തുടര്‍ന്ന് കുട്ടിയെ തല്ലിയ സ്വരൂപ തൃപ്തിയാകാതെ ഒടുവില്‍ കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

നിലവിളി കേട്ട ഓടിയെത്തിയ അയല്‍ക്കാരാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. 70 ശതമാനം പൊള്ളലേറ്റ് ഒസ്മാനിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ദുബ്ബ ചെന്നയ്യ - സ്വരൂപ ദമ്പതികളുടെ മൂന്നു കുട്ടികളില്‍ മൂത്തയാളാണ് രാധിക. സ്വരൂപയ്ക്കെതിരെ പൊലീസ് വധ ശ്രമത്തിനു കേസെടുത്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവരുടെ കുടുംബം എന്ന് അയല്‍വാസികള്‍ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വരൂപ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്നു മുതല്‍ ഇവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.