തിരുപ്പതി: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ അതിദാരുണമായി കൊലപ്പെടുത്തി. ചിറ്റൂര്‍ ജില്ലയിലെ സിവുനി കപ്പം എന്ന മേഖലയിലാണ് സംഭവം. 50 കാരിയായ ബെല്ലമ്മയെയാണ് മകന്‍ കൊലപ്പെടുത്തിയത്. 29 കാരനായ ജെ. സുബ്രഹ്മണ്യത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്ഥിരം മാതാവുമായി കലഹിക്കാറുണ്ടായിരുന്നു. തിങ്കളാഴ്ച വീട്ടിലെത്തിയ ഇയാള്‍ ബെല്ലമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്‍റെ പക്കല്‍ പണമില്ലെന്നും ബെല്ലമ്മ പറഞ്ഞു. തുടര്‍ന്ന് ഉറങ്ങാനായി പോയ ബെല്ലമ്മയെ സുബ്രഹ്മണ്യം കഴുത്തില്‍ പുതപ്പ് ചുറ്റി കൊലപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ബെല്ലമ്മയുടെ മകളാണ് മരണവിവരം ആദ്യം അറിയുന്നത്. രണ്ട് ആണ്‍കുട്ടികളും ഒരു മകളുമാണ് ബെല്ലമ്മയ്ക്കുള്ളത്. 1.5 ഏക്കര്‍ സ്ഥലത്തിന് ഉടമകൂടിയാണ് ഇവര്‍. കഴിഞ്ഞ മാസം ഓട്ടോറിക്ഷ വാങ്ങാനായി ഇവര്‍ ഇളയ മകന് 50000 രൂപ നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സുബ്രഹ്മണ്യന്‍ ബാക്കി സ്വത്തുക്കളെല്ലാം തന്‍റെ പേരില്‍ എഴുതിവെക്കണമെന്ന് പറഞ്ഞ് ബെല്ലമ്മയെ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.

മദ്യത്തിന് അടിമയായ സുബ്രഹ്മണ്യവുമായി പിണങ്ങി സ്വന്തം വീട്ടിലാണ് ഭാര്യ കഴിയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ബെല്ലമ്മയുടെ മകള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.