മൃതദേഹം അഴുകി ലോക്കറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത് 

ടോക്കിയോ:നവജാത ശിശുവിനെ കൊന്ന് ലോക്കറില്‍ സൂക്ഷിച്ചതിന് അമ്മ അറസ്റ്റില്‍. ഇരുപത്തഞ്ചുകാരിയായ യുവതി നവജാത ശിശുവിനെ കൊന്ന് ബാഗിനുള്ളിലാക്കി ഒരു കഫേയിലെ ലോക്കറിന് ഉള്ളിലാണ് സൂക്ഷിച്ചത്. ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ മാവോ ടോഗാവയെ പൊലീസ് അറസ്റ്റു ചെയ്തു.

പ്ലാസ്റ്റിക് ബാഗില്‍ ആക്കി സ്യൂട്ട് കേസിനുള്ളില്‍ സൂക്ഷിച്ച മൃതദേഹം അഴുകി ലോക്കറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് കഫേയിലെ ജീവനക്കാര്‍ ലോക്കര്‍ തുറന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിനും ഉപേക്ഷിച്ചതിനുമാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ടോക്കിയോയിലെ റെഡ്ലൈറ്റ് തെരുവിലെ ഒരു മുറിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞ് കരയുമ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ച് വിവരം തിരക്കുമെന്ന ഭയമുണ്ടായിരുന്നു, കുഞ്ഞിനെ പുലര്‍ത്താനുള്ള കഷ്ടപ്പാടിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. കൊലയ്ക്കുശേഷം മൃതദേഹം സൂക്ഷിക്കാനായി ഇവർ ലോക്കർ വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നാണു വിവരം.