ഇടുക്കി: അടിമാലിയിൽ 9 വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായ അമ്മയെ റിമാന്‍റ് ചെയ്തു. 9 വയസുകാരനെ ക്രൂരമായി മർദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്ത കേസിൽ അമ്മ സെലീനയെ രാവിലെ 10 മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ സെലീനയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് തൃശ്ശൂർ വനിതാ ജയിലിലേക്ക് അയച്ചു.
രാവിലെ പ്രതിയെ അടിമാലിക്ക് സമീപം കൂന്പൻപാറയിലുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും മുഖത്തും കാലിലും പരുക്കേറ്റത് കുരങ്ങിന്റെ ആക്രമണത്തിലാണെന്നും സെലീന ആവർത്തിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഒപ്പം നിർത്താൻ കോടതി അനുമതി നൽകി. കഞ്ചാവ് വിൽപ്പന കേസിൽ റിമാൻഡിൽ കഴിയുകയാണ് കുട്ടിയുടെ അച്ഛൻ നസീര്‍.
കൊച്ചി മെഡിക്കൽ കോളേജിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽനിന്ന് രണ്ട് ദിവസത്തിനകം റൂമിലേക്ക് മാറ്റാനാകും.
കുട്ടിയുടെ തുടർ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ എറണാകുളം ജില്ലാ കളക്ടർ നാളെ യോഗം വിളിച്ചിട്ടുണ്ട്. അച്ഛൻ നസീറിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകും. ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായതിനാൽ കുട്ടിയെ രണ്ട് ദിവസത്തിനുള്ളിൽ തീവ്രപരിചരണവിഭാഗത്തിൽനിന്ന് മാറ്റാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു.
