രാജ്കോട്ട്: അമ്മയുടെ രോഗത്തിൽ മനസുമടുത്ത മകൻ അമ്മയെ വീടിന്റെ ടെറസിന്റെ മുകളിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മകൻ സന്ദീപ് നെത്വാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഇയാള്‍.
അറുപത്തിനാലുകാരിയായ ജയശ്രീ ബെന്നാണു മകന്റെ കൈയാൽ കൊല്ലപ്പെട്ടത്. ജയശ്രീയുടെ ഒറ്റ ആണ്‍തരിയാണ് സന്ദീപ്. അമ്മ കെട്ടിടത്തിന്റെ ടെറസിൽനിന്ന് കാൽവഴുതിവീണ് മരിച്ചെന്നാണു മകൻ പോലീസിന് ആദ്യഘട്ടത്തിൽ മൊഴി നൽകിയത്. ഈ ഘട്ടത്തിൽ പോലീസിനു സംശയമൊന്നും തോന്നിയില്ല. കേസ് അവസാനിപ്പിക്കുകയും ചെയ്തു.
പിന്നീട് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് വീണ്ടും അന്വേഷിച്ചു. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം നടന്ന ദിവസം സന്ദീപ് അമ്മയെ താങ്ങിപ്പിടിച്ച് ടെറസിലേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്നുനടന്ന ചോദ്യംചെയ്യലിൽ സന്ദീപ് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ രോഗത്തിൽ മനം മടുത്താണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ മൊഴി നൽകി.

