ചാത്തന്നൂർ: പൊതുവേ ശാന്തപ്രകൃതക്കാരനും പഠനത്തില്‍ സമര്‍ത്ഥനുമായ ജിത്തു ജോബിന്റെ മരണം ഞെട്ടലോടെയാണ് ചാത്തന്നൂരുകാര്‍ കേട്ടത്. എന്നാല്‍ വിവരമറിഞ്ഞെത്തിയവരെ അതിലേറെ ഞെട്ടിച്ചത് ജയ മോളുടെ കൂസലിലായ്മയായിരുന്നു. ചാത്തന്നൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജിത്തുവിന്റെ മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവുകള്‍ കൊലപാതകത്തിന്റെ ക്രൂരത വ്യക്തമാക്കുന്നവയായിരുന്നു.

കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. കൈകൾ വെട്ടിത്തൂക്കിയും കാൽപാദം വെട്ടി മാറ്റിയ നിലയിലുമായിരുന്നു. വലത്തേകാലിന്റെ മുട്ടിനു താഴെയുള്ള വെട്ട് ആഴത്തിലായതിനാൽ തൂങ്ങിയ നിലയിലായിരുന്നു. വെട്ടേറ്റ് വയർ പൊട്ടി കുടലുകൾ വെളിയില്‍ വന്ന നിലയില്‍ ആയിരുന്നു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. 

കുണ്ടറ എംജിഡിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തു ജോബിനെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാനില്ലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് സ്കെയില്‍ വാങ്ങനായി പോയ മകന്‍ തിരിച്ചെത്തിയില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീടിന് സമീപത്ത് തന്നെയുള്ള പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ മുക്കാൽ ഭാഗത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവിന്‍റെ അമ്മ ജയമോളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

വീടിനു സമീപത്തു വച്ചു ഷാൾ മുറുക്കി കൊന്നെന്നു ജയമോൾ മൊഴി നൽകിയതായിട്ടാണു സൂചന. കസ്റ്റഡിയിൽ എടുത്ത് ചാത്തന്നൂർ സ്റ്റേഷനിൽ എത്തിച്ച ജയമോൾ കൂസലില്ലാതെയാണു ചോദ്യങ്ങൾക്കു മറുപടി നൽകിയത്. കൃത്യത്തിനു പിന്നിൽ താൻ മാത്രമെ ഉള്ളൂവെന്ന് അമ്മ പൊലീസിനു മൊഴി നൽകിയതായാണു സൂചന. എന്നാൽ പൊലീസ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല.