ആലപ്പുഴ: പ്രണയിച്ച് വഞ്ചിച്ചതാണ് കോട്ടയത്ത് പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാനുള്ള കാരണമെന്ന വാദം പെണ്‍കുട്ടിയുടെ അമ്മ നിഷേധിച്ചു. പെണ്‍കുട്ടിക്കൊപ്പം മരിച്ച ആദര്‍ശ് ശല്യം ചെയ്യുന്നതായി പൊലീസിന് പരാതി നല്‍കിയതായി പെണ്‍കുട്ടിയുടെ അമ്മ ഉഷാറാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മകളുടെ മരണത്തിന്റെ ഞെട്ടലില്‍ കഴിയുന്ന അമ്മ, ശ്രീലക്ഷ്മി ആദര്‍ശിനെ വഞ്ചിച്ചുവെന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് സംസാരിച്ചത്. നിരന്തരം പരാതി പറഞ്ഞിട്ടും വേണ്ട സുരക്ഷ ഒരുക്കാത്ത കോളേജ് അധികാരികള്‍ക്കെതിരെയുള്ള രോഷവും ബന്ധുക്കള്‍ പ്രകടിപ്പിച്ചു.

പ്രണയിച്ച് വഞ്ചിച്ചതിലുള്ള വൈരാഗ്യവും , സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് അധിക്ഷേപിച്ചതിലുള്ള പ്രകോപനവുമാണ് കൊലയ്ക്ക് കാരണമെന്ന് ആദര്‍ശ് മജിസ്‌ട്രേറ്റിന് നല്‍കിയ മരണ മൊഴിയില്‍ പറയുന്നുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ആദര്‍ശിന്റെ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കുന്നുണ്ട്‌.