ഇടുക്കി: അടിമാലിയില്‍ ഒമ്പത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അമ്മയെ നാളെ അറസ്റ്റ് ചെയ്യും. അച്ഛന്റെ അറസ്റ്റും ഉടന്‍ രേഖപ്പെടുത്തും. ഇവരുടെ മറ്റ് മക്കളെ പൈനാവിലുള്ള ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടു. പരുക്കേറ്റ ഒന്പത് വയസ്സുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മാതാപിതാക്കള്‍ പട്ടിണിക്കിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത അടിമാലി സ്വദേശിയായ ഒമ്പത് വയസ്സുകാരന്‍ അപകടനില തരണം ചെയ്തു. കൊച്ചി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോഴുമുള്ളത്. മുഖത്തും കാലിലുമേറ്റ മുറിവ് ഉണങ്ങാന്‍ രണ്ടാഴ്ചയോളം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടിയെ മാരകമായി മര്‍ദ്ദിച്ച അമ്മ സെലീനയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. സെലീനയെയും ഇവരുടെ മറ്റ് രണ്ട് മക്കളേയും ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഇന്ന് ഹാജരാക്കിയിരുന്നു. പരുക്കേറ്റത് കുരങ്ങന്റെ ആക്രമണത്തിലാണെന്നാണ് സെലിന്റെ മൊഴി എന്നാല്‍ കുട്ടിയെ ഉപദ്രവിച്ചത് മാതാപിതാക്കളാണെന്ന പൊലീസ് റിപ്പോര്‍ട്ട് സമിതി അംഗീകരിക്കുകയായിരുന്നു.
പരുക്കേറ്റ ഒന്പതുവയസുകാരന്റെ അച്ഛന്‍ നസീര്‍ കഞ്ചാവ് വില്‍പ്പന നടത്തിയതിന് അറസ്റ്റിലാവുകയും ദേവികുളം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയുമാണ്. നസീറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷ അടിമാലി പൊലീസ് ദേവികുളം കോടതിയില്‍ സമര്‍പ്പിച്ചു.
