കൊച്ചി: പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പുറത്തു പോകുന്നവര്‍ ഇനി കുടുങ്ങും.ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. ഇതു സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സര്‍ക്കുലര്‍ ഇറക്കി

ഷോപ്പിംഗിനോ സുഹൃത്തുക്കളെ കാണാനോ ഭക്ഷണം കഴിക്കാനോ പോകുമ്പോള്‍ ചെറിയ അസൗകര്യം ഒഴിവാക്കാന്‍ കുട്ടികളെ വാഹനത്തില്‍ തന്നെയിരുത്തി ചില മാതാപിതാക്കള്‍ പോകുന്നത് പതിവാണ്.ചിലര്‍ കാര്‍ ഓഫാക്കാതെയും പോകും.മാതാപിതാക്കള്‍ എത്താന്‍ വൈകിയാല്‍ കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.

ദിവസങ്ങള്‍ക്കു മുമ്പ് കൊച്ചി കാക്കനാട് മാതാപിതാക്കള്‍ കൊച്ചു കുട്ടിയെ കാറിലിരുത്തി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് സമാനമായ സംഭവം ഉണ്ടായി.പൂട്ടിയിട്ട കാറില്‍ ശ്വാസം മുട്ടി കരഞ്ഞ കുട്ടിയെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് രക്ഷപ്പെടുത്തിയത്. കുട്ടികള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയുണ്ടാകുന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മോട്ടോര്‍വനാഹന വകുപ്പ് കര്‍ശന നടപടിയ്ക്ക് ഒരുങ്ങുന്നത്. 

വിദേശരാജ്യങ്ങളില്‍ ഇത് കുറ്റകരമായ ശിക്ഷയാണ്.ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമം കര്‍സനമാക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ് വകുപ്പിന്റെ നിലപാട്. മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ഇരുപത്തിയൊന്നാം വകുപ്പ് പ്രകാരം അപകടകരമായ വാഹന ഉപയോഗം എന്ന കുറ്റമാവും ഇത്തരം സംഭവങ്ങളില്‍ ചുമത്തുക.നിയമം ലംഘിച്ചാല്‍ ലൈസന്‍സ് 6മാസത്തേക്കെങ്കിലും സസ്‌പെന്റ് ചെയ്യും.