വാഹന നമ്പര്‍ മാറ്റി നികുതി വെട്ടിക്കാനായിരുന്നു ശ്രമം 

വയനാട്: വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തില്‍ നികുതിയടക്കാതെ കുരുമുളക് കടത്താന്‍ ശ്രമം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കുരുമുളകും വാഹനവും പിടികൂടി. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് ഞായറാഴ്ച കാട്ടിക്കുളം ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയത്. 

കര്‍ണാടക രജിസ്‌ട്രേഷന്‍ നമ്പറാണ് വാഹനത്തില്‍ ഘടിപ്പിച്ചിരുന്നത്. രജിസ്ട്രേഷന്‍ നമ്പറും ചെയ്സ് നമ്പറും വ്യത്യസ്തമായി കണ്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാഹനവും കുരുമുളകും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വാണിജ്യനികുതിവിഭാഗത്തെ വിവരമറിയിക്കുകയും ലോറി തിരുനെല്ലി പോലീസിന് കൈമാറുകയും ചെയ്തു. 3.20 ലക്ഷം രൂപ പിഴ ഈടാക്കി കുരുമുളക് വിട്ടു നല്‍കി. ലോറി കോടതിയില്‍ ഹാജരാക്കി. 

ഒരു വാഹന നമ്പറില്‍ ചരക്കു സേവന നികുതിയടച്ച് ഇതേ നമ്പറിന്റെ പകര്‍പ്പ് പ്ലേറ്റുകളുപയോഗിച്ച് വിവിധ വഴികളിലൂടെ നികുതി വെട്ടിച്ച് കുരുമുളക് കടത്തുന്നതായി അന്വേഷണല്‍ വ്യക്തമായതായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നികുതി ചെക്ക് പോസ്റ്റുകള്‍ അടച്ചു പൂട്ടിയതിനാല്‍ ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടക്കുന്നതായാണ് സൂചന.