നവജാതശിശുവുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന്റെ വഴി തടസപ്പെടുത്തിയ കാറിന്റെ ഉടമയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. എറണാകുളം പെരുമ്പാവൂരിലുണ്ടായ സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞെന്നും നിയമവശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലുളള നവജാതശിശുവുമായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സിന് മുന്നിലെ കാഴ്ചയാണിത്. ചുണങ്ങംവേലി മുതല്‍ എന്‍.ഡി.പി ജംക്ഷന്‍ വരെ അഞ്ച് കിലോമീറ്റര്‍ ദൂരം മുന്നിലെ കാര്‍ ആംബുംലന്‍സിന്റെ വഴി മുടക്കി. ആംബുലന്‍സ് ഡ്രൈവര്‍ പലതവണ ഹോള്‍ മുഴക്കിയിട്ടും കാര്‍ മാറ്റി കൊടുത്തില്ല. ശ്വാസതടസം ബാധിച്ച നവജാത ശിശുവിനെയും വഹിച്ചുള്ള ആംബുലന്‍സ് 35 മിനിട്ടിലേറെ എടുത്താണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ദൃശ്യങ്ങളടക്കം പരാതി നല്‍കിയതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് സംഭവത്തെ പറ്റി അന്വേഷണം തുടങ്ങിയത്. KL 17 L 202 എന്ന നമ്പരുള്ള കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
