തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് എവിടെയും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. വിവിധ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ടെങ്കിലും പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മുടക്കമില്ലാതെ നടക്കും. ബി.എം.എസ് ഒഴികെയുള്ള എല്ലാ സംഘടനകളും പണിമുടക്കുന്നുണ്ട്.

പൊലീസ് സംരക്ഷണത്തോടെ പരമാവധി സര്‍വ്വീസുകള്‍ നടത്തണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇന്ന് ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. രാവിലെ തിരുവനന്തപുരം തമ്പാനൂരില്‍ പണിമുടക്കുന്ന തൊഴിലാളികള്‍ വാഹനങ്ങള്‍ തടഞ്ഞു. മിക്കയിടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ തടസ്സമില്ലാതെ ഓടുന്നുണ്ട്. കോഴിക്കോട് ഒരുവിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികള്‍ രാവിലെ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് യാത്രക്കാര്‍ക്ക് അനുഗ്രഹമായി. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. ആശുപത്രികളിലും മറ്റും പോകാനായി തിരുവനന്തപുരത്ത് ട്രെയിനുകളില്‍ വന്നിറങ്ങുന്നവരെ പൊലീസ് വാഹനങ്ങള്‍ ഉപയോഗിച്ച് എത്തിക്കുന്നു. ഓട്ടോ, ടാക്സികള്‍ക്ക് പുറമെ ചരക്ക് വാഹനങ്ങളും സ്വകാര്യ ബസുകളും പണിമുടക്കുന്നതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിലയ്ക്കും