പഴയ വാഹനങ്ങള്‍ പുതിയതാണെന്ന പേരില്‍ വില്‍പന നടത്തനായി വ്യാജരേഖ ചമച്ച് വാഹനഡീലര്‍മാര്‍ നിര്‍മ്മാണ തീയ്യതി മാറ്റുന്നുവെന്ന വാര്‍ത്ത ഏഷ്യാനെറ്റ്ന്യൂസ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ ജനങ്ങളുടെ ആശങ്ക തീര്‍ക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സംവിധാനമൊരുക്കി. വാഹനത്തിന്റെ കമ്പനിയും ചേസിസ് നമ്പറും മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ നല്‍കിയാല്‍ വാഹനത്തിന്റെ നിര്‍മ്മാണ തീയ്യതി മനസ്സിലാക്കാം. 

താല്‍ക്കാലിക രജിസ്‍ട്രേഷന്‍ സ്വന്തമായി നടത്താനുള്ള അനുമതി ഉപയോഗിച്ചാണ് സംസ്ഥാനത്തെ വാഹന ഡീലര്‍മാര്‍ നിര്‍മ്മാണ തീയ്യതി തിരുത്തി പഴയ വാഹനം പുതിയതെന്ന പേരില്‍ വ്യാപകമായി വിറ്റ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ചെങ്ങന്നൂരും ആലപ്പുഴയിലും കോട്ടയത്തും ഇത് കയ്യോടെ പിടികൂടി. ഇത് സംബന്ധിച്ചുള്ള വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് തെളിവുകള്‍ സഹിതം പുറത്തുവിട്ടു. ശാസ്‌ത്രീയമായ ഇടപെടല്‍ വഴി ഇത്തരം തട്ടിപ്പുകള്‍ തടയാനുണ്ടാവുമെന്ന് ഗതാഗതമന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പൊതുജനങ്ങള്‍ക്ക് വാഹനങ്ങളുടെ നിര്‍മ്മാണ തീയതി പെട്ടെന്ന് അറിയാനുള്ള സംവിധാനം മോട്ടോര്‍ വാഹനവകുപ്പ് ഒരുക്കിയത്. വാഹനങ്ങളുടെ മോഡല്‍ എളുപ്പം അറിയാന്‍ സഹായിക്കുന്ന പുസ്തകവും മൊബൈല്‍ ആപ്പും തയ്യാറാക്കാന്‍ നേതൃത്വം നല്‍കിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് വര്‍ഗ്ഗീസിനോട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, മൊബൈല്‍ ആപ്പിന്റെ ലിങ്ക് വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

വാഹനത്തിന്‍റെ കമ്പനിയും ചേസിസ് നമ്പറും നല്‍കിയാല്‍ ഏത് വര്‍ഷം ഏത് മാസമാണ് വാഹനം നിര്‍മ്മിച്ചതെന്ന് വെബ്സൈറ്റും ആപ്പും വഴി എളുപ്പത്തില്‍ അറിയാനാവും. ഇതിനായി Find Year and Month of Vehicle എന്ന ആപ്ലിക്കേഷന്‍ പ്ലേസ്റ്റോര്‍ വഴിയും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. വാര്‍ത്ത പുറത്തുവന്നതിന് ശേഷം ഡീലര്‍മാരുടെ തട്ടിപ്പ് തടയാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന് പുറമേ, തട്ടിപ്പ് നടത്തിയ നാല് ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റും മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയിരുന്നു. ഇത് കൂടാതെയാണ് മോട്ടോര്‍വാഹനവകുപ്പിന്റെ വെബ്സൈറ്റിലും മൊബൈല്‍ അപ്ലിക്കേഷന്റെ ലിങ്ക് അപ് ലോഡ് ചെയ്യാനുള്ള തീരുമാനമുണ്ടായത്.