പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ ജയ്ഷെ ഇ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ള ഭീകരരുടെ പേരുകള്‍ ഉള്‍പ്പെടുത്തി എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ജയ്ഷെ ഇ മുഹമ്മദിന്റെ മാസികയായ അല്‍ഖലമിന്റെ ഡിസംബര്‍ ആറിനിറങ്ങിയ ലക്കത്തില്‍ നവംബര്‍ 29ന് നഗ്രോദയിലെ സൈനിക ക്യാമ്പ് ആക്രമിച്ചതിന് പിന്നില്‍ താനാണെന്ന് വെളിപ്പെടുത്തി മൗലാന മസൂദ് അസ്ഹര്‍ ലേഖനമെഴുതിയത്. ഒരു ഇംഗ്ലീഷ് ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്. പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഉള്‍പ്പെടെ നാല് പാക് ഭീകരര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

അതേസമയം ജെയ്ഷ് ഇ മുഹമ്മദ്, ലഷ്കര്‍ ഇ ത്വയിബ തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ ഐക്യരാഷ്‌ട്രസഭ നടപടിയെടുക്കണമെന്നാവശ്യം ഇന്ത്യ ശക്തമാക്കി. നിങ്ങള്‍ എന്ത് വിതക്കുന്നുവോ അതിന്റെ ഫലം നിങ്ങള്‍ അനുഭവിക്കും. എന്തെങ്കിലും വിവേകം നിങ്ങള്‍ക്കുണ്ടെങ്കില്‍ സമാധാനം വിതക്കണമെന്നാണ്  പാകിസ്ഥാനെ ലക്ഷ്യമിട്ട് ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.