ക്രിസ്റ്റ്യാനോയുടെ ബൂട്ടില്‍ നിന്ന് വല ലക്ഷ്യമിട്ട് വന്ന മൂന്ന് ഷോട്ടുകളും ഡി ഹിയയെ കാഴ്ചക്കാരനാക്കി ലക്ഷ്യം കണ്ടു.

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ മോശം പ്രകടനം തുടരുന്ന സ്പാനിഷ് ഗോളി ഡി ഹിയയ്ക്ക് പിന്തുണയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ഹോസെ മൗറീന്യോ. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താന്‍ പിന്തുണയും അറിയിച്ചുക്കൊണ്ട് മൊറീന്യോ കത്തയച്ചു. ഡി ഹിയയ്ക്ക് ടീമിലിടം നഷ്ടമാവില്ലെന്ന് സ്പാനിഷ് കോച്ച് ഫെര്‍ണാണ്ടോ ഹിയറോ പറഞ്ഞു.

റഷ്യന്‍ ലോകകപ്പിലെ ഡിഹിയയുടെ ഇതുവരെയുള്ള പ്രകടനം എന്താണെന്ന് ആദ്യ മത്സരത്തിലെ ഈ പിഴവ് കാട്ടിത്തരും. ക്രിസ്റ്റ്യാനോയുടെ ബൂട്ടില്‍ നിന്ന് വല ലക്ഷ്യമിട്ട് വന്ന മൂന്ന് ഷോട്ടുകളും ഡി ഹിയയെ കാഴ്ചക്കാരനാക്കി ലക്ഷ്യം കണ്ടു. ഗ്രൂപ്പിലെ ദുര്‍ബലരായ മൊറോക്കോയും ഗിയ കാത്ത വലയില്‍ രണ്ട് ഗോള്‍ നിക്ഷേപിച്ചു.

വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ക്കിടയിലാണ് മാഞ്ചസ്റ്ററിന്റെ ഒന്നാം നമ്പര്‍ ഗോളിയിപ്പോള്‍. നോക്കൗട്ടില്‍ ഗിയയ്ക്ക് സ്ഥാനമുണ്ടാവില്ലെന്നും അടക്കം പറച്ചിലുകളുണ്ടായി. എന്നാല്‍ ഗിയയുടെ സ്ഥാനം സുരക്ഷിതമെന്ന് കോച്ച് ഫെര്‍ണാണ്ടോ ഹിയറോ ആദ്യം ഉറപ്പ് പറഞ്ഞു. ഇപ്പോള്‍ മാഞ്ചസ്റ്ററിലെ കോച്ച് മൗറിന്യോ പിന്തുണക്കത്തും റഷ്യയിലെത്തിച്ചു.

പ്രതിസന്ധിഘട്ടത്തെ ആത്മധൈര്യത്തോടെ നേരിടാന്‍ ഡിഹിയയ്ക്ക് കഴിയുമെന്ന് ആശംസ.ഡിഹിയ കഠിനാധ്വാനിയാണെന്ന് വിശേഷിപ്പിച്ച് തിയാഗോയും റാമോസും അടക്കം താരങ്ങളും ഒപ്പമുണ്ട്. ആദ്യ റൗണ്ടിലെ തിരിച്ചടിയില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഡിഹിയക്ക് എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും ഇരുവരും പറയുന്നു. റഷ്യയ്‌ക്കെതിരാണ് സ്‌പെയിനിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം.