മസ്കറ്റ്: ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് പുതിയ ടാക്‌സി ആരംഭിക്കുന്നു. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ടാക്‌സി, മസ്കറ്റില്‍ നടന്ന ചടങ്ങില്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി അഹമ്മദ് മൊഹമ്മദ് അല്‍ ഫുതൈസി പുറത്തിറക്കി. മന്ത്രാലയത്തിലെയും മുവാസലാത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

മുവാസലാത്ത് നിരത്തിലിറക്കിയ ബസ്സുകള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും നല്ല സ്വീകാര്യത ലഭിച്ചതിനുശേഷമാണ് മുവാസലത്തിന്റെ പുതിയ സംരംഭം ആയി ടാക്‌സി സര്‍വീസുകളും ആരംഭിക്കുന്നത്. രാജ്യത്തു ടാക്‌സി സര്‍വീസുകള്‍ ഉടന്‍ നിരത്തിലിറക്കുമെന്നു ചടങ്ങില്‍ പങ്കെടുത്ത മുവാസലാത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഹ്മദ് അലി അല്‍ബലൂശി വ്യതമാക്കി.

ടാക്‌സി സര്‍വീസ് നടത്തുന്നതിന് ഇതിനായി നാനൂറു ഡ്രൈവര്‍മാരുമായി കരാര്‍ ഉണ്ടാക്കും.നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചായിരിക്കും ടാക്‌സി സര്‍വീസ് നിയന്ത്രിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മസ്കറ്റ് എയര്‍പോര്‍ട്ട്, പ്രധാന മാളുകള്‍ എന്നിവിടങ്ങളിലാണ് മുവാസലാത്ത് ടാക്‌സി സേവനം തുടക്കത്തില്‍ ലഭ്യമാകുക.മികച്ച സേവനം ലഭ്യമാക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതോടൊപ്പം, ഡ്രൈവര്‍മാരുടെ ശാരീരികക്ഷമത ഉറപ്പാക്കുന്നതിന് ആരോഗ്യ പരിശോധനയും നടത്തും.അഞ്ചുവര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വാഹനങ്ങളായിരിക്കും ടാക്‌സി നിരയില്‍ ഉണ്ടാവുക. മുവാസലാത്ത് ടാക്‌സി ആപ്ലിക്കേഷന്‍ സെപ്റ്റംബര്‍ ആറിന് മുന്‍പ് ലഭ്യമാകും.