കോഴിക്കോട്: നന്മണ്ട കൂളിപ്പൊയിലിലെ അരീപ്രത്ത് പറമ്പ് വിവിധകൃഷികളാല്‍ സമ്പന്നമാണ്. ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഹൈസ്കൂളില്‍നിന്ന് വിരമിച്ച കക്കുഴികണ്ടി അരീപ്രത്ത് മൊയ്തീന്‍കോയയുടെ അധ്വാനമാണ് ഇവിടെ നിറക്കാഴ്ച തീർക്കുന്നത്. അരീപ്രത്ത് എത്തുന്ന ഏതൊരാളെയും ആദ്യം വരവേല്‍ക്കുന്നത് മൊയ്തീന്‍കോയ നിര്‍മ്മിച്ച സുന്ദരമായ പാര്‍ക്കാണ്.
ഇവിടെ എത്തുന്നവര്‍ക്ക് ഔഷധനാരങ്ങയായ ബബ്ലിയും മറ്റു പഴവര്‍ഗ്ഗങ്ങളായ റമ്പുട്ടാനും ചാമ്പക്കയും മുട്ടപ്പഴവും പേരക്കയും സപ്പോട്ടയും സുലഭം. മത്സ്യകൃഷിയാകട്ടെ മൂന്ന്സെന്‍റ് സ്ഥലത്തെ കുളത്തിലാണ്. 15 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള കുളത്തില്‍ രോഗു ഇനത്തില്‍പെട്ട 200 മത്സ്യങ്ങളാണുള്ളത്. പറമ്പിലും പാടത്തുമായി പച്ചക്കറികൃഷി കൂടാതെ ചേമ്പ്, ചേന, മഞ്ഞള്‍, ഇഞ്ചി, നെല്ല്,വാഴ എന്നിവ കൃഷിചെയ്യുന്നുണ്ട്.

അരീപ്രത്ത് മൊയ്തീന്‍കോയ തന്‍റെ കൃഷിയിടത്തില്‍
പറമ്പിലെ കൃഷി നനക്കാനും ജലവിനിയോഗം കുറക്കാനും ട്രിപ് ഇറിഗേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പപ്പായ പുഷ്പിച്ചു വരുമ്പോള്‍ തളിര് നുള്ളിക്കളഞ്ഞാല്‍ ഒന്നിലധികം ശിഖരങ്ങള്‍ വളരുമെന്നും അദ്ദേഹം പറയുന്നു. രാസവളം തീരെ ഉപയോഗിക്കാതെ ജൈവവളമാണ് ഉപയോഗിക്കുന്നത്. മികച്ച കര്‍ഷകനായി കര്‍ഷകദിനത്തില്‍ നന്മണ്ട സഹകരണബാങ്ക് ആദരിച്ചിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികളാണ് പാര്‍ക്കും കൃഷിയിടവും സന്ദര്‍ശിക്കാനെത്തുന്നത്.
