ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് തുടക്കമായി.. മൊസാംബിക്, ദക്ഷിണാഫ്രിക്ക ,ടാന്‍സാനിയ, കെനിയ, എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്. മൊസാബിക്കില്‍ നിന്നുമാണ് മോദി ആഫ്രിക്കന്‍ വന്‍കരയിലേക്കുള്ള ആദ്യ പര്യടനം തുടങ്ങിയത്. ദീര്‍ഘ കാലത്തെക്ക് പയര്‍ വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതടക്കം മൂന്ന് കരാറുകളില്‍ ഇന്ത്യയും മൊസാംബിക്കും ഒപ്പുവച്ചു.

പുലര്‍ച്ചെ മപൂട്ടോ വിമാനതാവളത്തില്‍ പ്രധാനമന്ത്രി മോദിക്ക് ആചാരപരമായ സ്വീകരണം നല്‍കി.ആഫ്രിക്കയില്‍ ചൈനയുടെ പ്രധാന പങ്കാളിയായ മൊസാംബിക്കില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത്. പ്രസിഡന്റ് ഫിലിപ്പ് ന്യൂസിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മൂന്ന് കരാറുകളില്‍ ഇന്ത്യയും മൊസാംബിക്കും ഒപ്പു വച്ചത്.

പരിപ്പ് വര്‍ഗങ്ങളുടെ ലഭ്യതക്കുറവിന്റെയും വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തില്‍ മൊസാംബിക്കില്‍ നിന്നും പയറും, പരിപ്പും ദിര്‍ഘകാലത്തെക്ക് ഇന്ത്യ ഇറക്കുമതി ചെയ്യും. നിലവില്‍ ഒരു ലക്ഷം ടണ്‍ പയര്‍ വര്‍ഗങ്ങളാണ് ഇന്ത്യ മൊസാംബിക്കില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. 2020-21 ഓടെ ഇത് രണ്ട് ലക്ഷം ടണ്ണാക്കി ഉയര്‍ത്തും. അനധികൃത മയക്കുമരുന്ന് വ്യാപാരം തടയുന്നതിനും, കായിക യുവജന രംഗത്തും ഇരു രാജ്യങ്ങളും സഹകരിക്കും.

മൊസാംബിക്കില്‍ നിന്നും പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. രണ്ട് ദിവസത്തെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തില്‍ പ്രിറ്റോറിയ, ജൊഹന്നസ്ബര്‍ഗ്, ദര്‍ബന്‍ തുടങ്ങിയ നഗരങ്ങളിലെ വിവിധ ചടങ്ങുകളില്‍ സംബന്ധിക്കും.. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.. ശനിയാഴ്ച ടാന്‍സാനിയയിലും തുടര്‍ന്ന് കെനിയയും സന്ദര്‍ശിച്ചതിന് ശേഷം തിങ്കളാഴ്ച്ച മോദി ഇന്ത്യയിലേക്ക് മടങ്ങും.