കെ എസ് ആര്‍ ടി സി എംഡിയായി എം പി ദിനേശ് ചുമതലയേറ്റു. രാവിലെ പത്തരയോടെ തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് എം പി ദിനേശ് ചുമതലയേറ്റത്.

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ പുതിയ എം ഡിയായി എം പി ദിനേശ് ചുമതലയേറ്റു. പത്തരയോടെ തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് എം പി ദിനേശ് ചുമതലയേറ്റത്. ടോമിൻ തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് എം പി ദിനേശിനെ പുതിയ എംഡിയായി നിയമിച്ചത്‌. 

എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് എം പി ദിനേശ് പ്രതികരിച്ചു. മുൻ വിധിയോ മുൻധാരണയോ ഇല്ല. സർക്കാർ ഏൽപിച്ച ചുമതല നിർവ്വഹിക്കുമെന്നും എം പി ദിനേശ് പറഞ്ഞു. കെ എസ് ആര്‍ ടി സി എം ഡിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാല് മാസം മാത്രമാണ് ദിനേശിന് സർവ്വീസ് കാലാവധിയുള്ളത്. അതിന് ശേഷവും അദ്ദേഹത്തിന് തുടരാൻ സർക്കാർ തിരുമാനമെടുക്കുമെന്നാണ് സൂചന. ഇതിനിടെ പിരിച്ചുവിട്ട താൽകാലിക കണ്ടക്ടർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരം രാപ്പകൽ സമരമാക്കി മാറ്റി. 18 ദിവസമായി തുടരുന്ന സമരം രമ്യമായി പരിഹരിക്കാൻ സർക്കാരും മാനേജ്മെൻറും തയ്യാറാകണമെന്ന് താൽക്കാലിക കണ്ടക്ടർമാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.