ദില്ലി: എം പി വീരേന്ദ്രുകമാര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു. രാജിവെക്കരുതെന്ന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് യാദവിന്റെ നിര്‍ദ്ദേശം തള്ളിയാണ് വീരേന്ദ്രകുമാറിന്റെ രാജി. എല്‍ഡിഎഫിലേക്ക് പോകും മുമ്പ് പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് വീരേന്ദ്രകുമാറിന്റെ നീക്കം

രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യാനായിഡുവിന് നേരിട്ടെത്തിയാണ് വിരേന്ദ്രകുമാര്‍ രാജിക്കത്ത് കൈമാറിയത്.
രാജിവെക്കും മുമ്പ് ശരദ് യാദവിനെ വിരേന്ദ്രകുമാര്‍ കണ്ടിരുന്നു. രാജിവെക്കരുതെന്നും നിയമപോരാട്ടം തുടര്‍ന്ന് അയോഗ്യതനീക്കത്തെ തടയണമെന്നുമായിരുന്നു ശരദ് യാദവിന്റെ നിര്‍ദ്ദേശം. അതേ സമയം വിരേന്ദ്രകുമാറ്‍ രാജിവെക്കേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

വീരേന്ദ്രകുമാര്‍ മുന്നണി വിടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും വിശ്വാസം പ്രകടിപ്പിച്ചിരുന്നു. മുന്നണി മാറുന്ന സാഹചര്യത്തില്‍ സീററ് വീരേന്ദ്രകുമാറിന് തന്നെ നല്‍കാമെന്ന എല്‍ഡിഎഫ് ഉറപ്പ് നല്‍കിയതായി സൂചനയുണ്ട്. പഴയ എസ്ജെഡി പുനരൂജ്ജീവിപ്പിക്കാന്‍ തടസ്സമുണ്ടായാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് വീരേന്ദ്രകുമാറിന്റെ നീക്കം. നിലവില്‍ ഇടത് സ്വതന്ത്രരായ ചില എം എല്‍ എമാരെ കൂടി പുതിയ പാര്‍ട്ടിയില്‍ ചേര്‍ക്കാനുള്ള നീക്കം വീരേന്ദ്രകുമാര്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. 

വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുമായി ലയിക്കാന്‍ ജെഡിഎസ് ഒരുക്കമല്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. 17ന് ചേരാനിരുന്ന സംസ്ഥാനകമ്മറ്റിയോഗം നടന്നിട്ടില്ല. മുന്നണി മാറ്റം അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ച നടന്നിട്ടില്ലെങ്കിലും മുന്നണിമാറ്റം തന്നെയാണ് വീരേന്ദ്രകുമാറിന്റെ മനസ്സിലെന്നാണ് വിലയിരുത്തല്‍.