തൃശ്ശൂര്‍: ഏഷ്യാനെറ്റ് മുന്‍ ഡയറക്ടറായിരുന്ന എംപികെ നായര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ തൃശൂര്‍ വടക്കാഞ്ചേരി പാര്‍ളിക്കാടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച. ഏഷ്യാനെറ്റിന്റെ ആദ്യകാല സാരഥികളിലൊരാളായിരുന്നു അന്തരിച്ച എംപികെ നായര്‍.

വടക്കാഞ്ചേരി പാര്‍ളിക്കാട് സ്വദേശിയായ അദ്ദേഹം ബാങ്കിങ് മേഖലയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. യൂണിയന്‍ ബാങ്കിന്റെ ജനറല്‍ മാനെജരായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. എംപികെ നായര്‍ 1986 മുതല്‍ 95 വരെ ഫെഡറല്‍ ബാങ്ക് ചെയര്‍മാനായിരുന്നു. തുടര്‍ന്ന് ഏഷ്യാനെറ്റ് ഡയറക്ടറായി. പിന്നീട് സ്വന്തം നാടായ പാര്‍ളിക്കാട് ആയുര്‍ യോഗാശ്രമം എന്ന ആയുര്‍വേദ സെന്റര്‍ സ്ഥാപിച്ചു.

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയോടെ പാര്‍ളിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരചടങ്ങുകള്‍ നാളെ നടക്കും. പരേതയായ ലക്ഷ്മിക്കുട്ടിയമ്മയാണ് ഭാര്യ. ഉഷ ഗോപിനാഥ്, സുനില്‍, അനില്‍ എന്നിവര്‍ മക്കളാണ്.