ചോദ്യങ്ങള്‍ ചോദിക്കുന്നതും സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നതും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും കുറവ്

ദില്ലി: കോണ്‍ഗ്രസ് എംപിമാരായ എ.കെ ആന്‍റണിയും വയലാര്‍ രവിയും പി.ജെ കുര്യനും രാജ്യസഭയില്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്‍റെ തലമുതിര്‍ന്ന നേതാക്കളായ ഇവര്‍ സഭയില്‍ ഏതെങ്കിലും വിഷയങ്ങളില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നതിലും ചോദ്യങ്ങള്‍ ചോദിക്കുന്നതിലും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിലും വളരെ പുറകിലെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്.

 നാലു വട്ടം രാജ്യസഭയിലെത്തിയ വയലാര്‍ രവി 2009 ജൂണ്‍ ഒന്നുമുതല്‍ 2018 ഏപ്രില്‍ ആറുവരെയള്ള കാലഘട്ടത്തില്‍ വെറും 31 ചോദ്യങ്ങളാണ് ഉന്നയിച്ചതെന്ന് കണക്കുകള്‍ രേഖപ്പെടുത്തുന്നു. ഇക്കാലയളവിലെ എംപിമാര്‍ ചോദിച്ച ചോദ്യങ്ങളുടെ ദേശീയ ശരാശരി 725 ഉം സംസ്ഥാന ശരാശരി 523 ഉം ആണ്. അതുപോലെ വെറും അഞ്ച് ചര്‍ച്ചകളില്‍ മാത്രമാണ് വയലാര്‍ രവി പങ്കെടുത്തത്. 

എന്നാല്‍ എ.കെആന്‍റണിയുടെ പ്രകടനം ഇതിനെക്കാളും മോശമാണ്. ഇതേ കാലയളവില്‍ അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിക്കുകയോ ഒരു സ്വകാര്യ ബില്‍ പോലും അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. പത്ത് ചര്‍ച്ചകളില്‍ മാത്രമാണ് എ.കെ ആന്‍റണി പങ്കെടുത്തിട്ടുള്ളത്. എന്നാല്‍ അതേസമയം ദേശീയ തലത്തില്‍ എംപിമാര്‍ പങ്കെടുത്ത ചര്‍ച്ചകളുടെ ശരാശരി എണ്ണം 91.1 ഉം സംസ്ഥാന തലത്തില്‍ 140 ഉം ആണ്. 150 ചോദ്യങ്ങളും 35 ചര്‍ച്ചകളും രണ്ട് സ്വകാര്യ ബില്ലുകളുമാണ് പി.ജെ കുര്യന്‍ ഈ കാലയളവില്‍ നടത്തിയിട്ടുള്ളത്.

സിപിഎമ്മിന്‍റെ സിറ്റിംങ്ങ് അംഗമായ കെ.കെ രാഗേഷ് 398 ചോദ്യങ്ങള്‍ ചോദിക്കുകയും 139 ചര്‍ച്ചകളല്‍ പങ്കെടുക്കുകയും രണ്ട് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 626 ചോദ്യങ്ങളും 147 ചര്‍ച്ചകളിലുമാണ് എംപി സി.പി നാരായണന്‍ പങ്കെടുത്തിട്ടുള്ളത്. സിപിഎം എംപിമാരില്‍ ഏറ്റവും കുറവ് പ്രകടനം കാണിച്ചിട്ടുള്ളത് കെ.സോമപ്രസാദാണ്. 105 ചോദ്യങ്ങളും 53 ചര്‍ച്ചകളിലുമാണ് സോമപ്രസാദ് പങ്കെടുത്തിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരെക്കാള്‍ ഭേദപ്പെട്ട പ്രകടനമാണ് സിപിഎം എംപി കെ.സോമപ്രസാദ് നടത്തിയിട്ടുള്ളതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.