പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹബൂബ് അക്തര്‍ ഉള്‍പ്പെട്ട ചാരകേസാണ് പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുന്നക്. കേസില്‍ സമാജ്‍വാദി പാര്‍ട്ടി എം.പി മുനവ്വര്‍ ഹുസൈന്റെ സഹായി ഫര്‍ഹത് ഖാനെയാണ് ദില്ലി പോലീസ് അറസ്റ്റു ചെയ്തത്. തനിക്ക് ഫര്‍ഹതിന്റെ നീക്കങ്ങള്‍ അറിയില്ലായിരുന്നുവെന്ന് എം.പി പ്രതികരിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ ഷൊയിബ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ബി.ജെ.പി എം.പി ഹേമമാലിനി എന്നിവര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് വ്യക്തമായി. ഇയാളെ രണ്ടുപേര്‍ക്കും അറിയില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. താന്‍ പാക് സൈന്യത്തിലെ ജീവനക്കാരനാണെന്ന് മഹബൂബ് അക്തര്‍ പോലീസിനോട് സമ്മതിക്കുന്ന വീഡിയോയും പുറത്തു വന്നു.
അതിനിടെ ഇന്നലെ പാകിസ്ഥാന്‍ സേനയുടെ സഹായത്തോടെ എത്തിയ ഭീകരര്‍ വധിച്ച കരസേനാ ജവാന്‍ മന്‍ദീപ് സിംഗിന് രാജ്യം ആദരാഞ്ജലി അര്‍പ്പിച്ചു. മന്‍ദീപ് സിംഗിനെ വധിച്ച് മൃതദ്ദേഹം വികൃതമാക്കിയ ശേഷം ഭീകരര്‍ പാക് അധീന കശ്‍മീരിലേക്ക് കടന്നു. കുപ്‍വാരയില്‍ ഇന്നു പുലര്‍ച്ചെ ഉണ്ടായ വെടിവയ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൂടി മരിച്ചു. കാലാവധി നീട്ടി വാങ്ങാന്‍ ആഗ്രഹിക്കുന്ന പാക് സേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് അതിര്‍ത്തിയില്‍ വലിയൊരു കടന്നുകയറ്റത്തിനോ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നില്‍ ഭീകരാക്രമണത്തിനോ ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കുറവ് അടിയന്തരമായി നികത്താനുള്ള സാമ്പത്തിക അനുമതി സൈന്യത്തിന് സര്‍ക്കാര്‍ നല്കിയിട്ടുണ്ട്.
നാവികസേന, പശ്ചിം ലഹര്‍ എന്ന പേരില്‍ അറേബിക്കടലില്‍ 40 യുദ്ധകപ്പലുകളും നിരവധി മുങ്ങികപ്പലുകളും ഉള്‍പ്പെട്ട വന്‍ സൈനിക അഭ്യാസത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യയില്‍ ഉത്പാദനത്തിന് തയ്യാറുള്ള വിദേശ കമ്പനിയില്‍ നിന്ന് 200 യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു.
