ചക്കിട്ടപ്പാറയിലെ ഖനന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് എം.എസ്.എ.പി.എല്‍ കമ്പനിയുടെ നിലപാട്. ആയിരം ഏക്കര്‍ ഭൂമിയില്‍ പരിസ്ഥിതി പ്രത്യാഘാതമുണ്ടാകാത്ത വിധം 400 ഏക്കറില്‍ മാത്രമാണ് ഖനനത്തിന് കമ്പനി ഒരുങ്ങിയതെന്ന് കമ്പനി പറയുന്നു. നിലവിലെ കോടതി വിധികളും, പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടുകളും കമ്പനിക്ക് അനുകൂലമാണെന്ന് ഡയറക്ടര്‍ മേധാ വെങ്കിട്ടഅയ്യര്‍ പറഞ്ഞു. സര്‍ക്കാര്‍ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഖനന ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. 

ചക്കിട്ടപ്പാറയില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവരെ കണ്ടെന്നും മേധാ വെങ്കിട്ട അയ്യര്‍ വെളിപ്പെടുത്തി. 2009ലാണ് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇരുമ്പയിര് ഖനനത്തിനായി സര്‍വ്വേ നടത്താന്‍ എം.എസ്‌.പി.എല്‍ കമ്പനിക്ക് അനുമതി നല്‍കിയത്. കമ്പനിയെ വഴിവിട്ടു സഹായിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സി.പി.എം നേതാവും അന്നത്തെ വ്യവസായ മന്ത്രിയുമായ എളമരം കരീമിനെതിരെ അന്വേഷണം നടക്കുകയും തെളിവില്ലെന്ന നിഗമനത്തില്‍ വിജിലന്‍സ് എത്തിച്ചേരുകയും ചെയ്തു. ഈ പശ്ചാത്തിലത്തിലാണ് കമ്പനി വീണ്ടും അനുകല നിലപാടിനായി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. അതേ സമയം ചക്കിട്ടപ്പാറയില്‍ ഖനനം അനുവദിക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.