സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തുന്നുവെന്ന് എം.ടി. രമേശ്.  സർക്കാരിന്റെ ആസൂത്രിതമായ ഗൂഢാലോചനയാണിത്. കേന്ദ്രമന്ത്രിയെ രണ്ടുവട്ടം അപമാനിച്ചതിന് എസ്പിമാർക്കെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കുമെന്നും എം.ടി. രമേശ്. 

കൊച്ചി: കെ.സുരേന്ദ്രന് മേൽ കൂടുതൽ കേസുകൾ ചുമത്താനുള്ള സർക്കാരിന്റെ തീരുമാനം ആസൂത്രിതമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ശബരിമലയിൽ കലാപമുണ്ടാക്കാൻ സുരേന്ദ്രൻ ശ്രമിച്ചു എന്നതിന് എന്ത് തെളിവാണുള്ളതെന്നും രമേശ് ചോദിച്ചു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രക്കും ഹരിശങ്കറിനുമെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകിയെന്നും എം.ടി. രമേശ് കൊച്ചിയിൽ പറഞ്ഞു.

കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും പ്രതികരിച്ചു. ഈശ്വരവിശ്വാസം ഇല്ലാത്തവരുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. 50 കൊല്ലമായി ശബരിമലയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍‌ട്ടി ശ്രമം നടത്തുന്നു എന്നും ശ്രീധരന്‍പിളള ദില്ലിയില്‍ പറ‍ഞ്ഞു. 

അതേസമയം, ചിത്തിര ആട്ട വിശേഷത്തിന് നട തുറന്ന സമയത്ത് തീര്‍ത്ഥാടകയെ ആക്രമിച്ച കേസില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടാരക്കര സബ്ജയിലില്‍ എത്തി റാന്നി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചിത്തിര ആട്ട വിശേഷ നാളിൽ 52 കാരിയായ ലളിതയെന്ന തീർത്ഥാടകയെ ആക്രമിച്ചതിൽ ഗൂഢാലോചന നടത്തിയെന്നാണ് കെ.സുരേന്ദ്രനെതിരെയുള്ള കേസ്.