തിരുവനന്തപുരം:  ഹർത്താലിന്റെ പേരിൽ പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായി കേസ് എടുക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ഏകപക്ഷീയമായി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിയെടുത്താല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ ഭക്തന്‍റെ  മരണത്തെ കുറിച്ച് കള്ളപ്രചാരണം നടത്തിയത് മുഖ്യമന്ത്രി ആണ്. അദ്ദേഹത്തിനെതിരെ ആദ്യം കേസ് എടുക്കണം.

മൃതദേഹം പോസ്റ്റ് മോര്‍ട്ടം ടേബിളില്‍ എത്തുന്നതിന് മുമ്പ് പ്രചാരണം അഴിച്ചുവിട്ടത് മുഖ്യമന്ത്രിയാണ്. ശബരിമലയിൽ ആചാരലംഘനം ഇനി അനുവദിക്കില്ല സമരം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ വ്യാപക ആക്രമണമാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. പലയിടത്തും ബിജെപി- സിപിഎം സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടു. സംഭവത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും സിപിഎം പ്രവ‍ര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസ് ഏകപക്ഷീയമായി ബിജെപി പ്രവര്‍ത്തകരെ മാത്രം വേട്ടയാടുന്നുവെന്നാണ് ആരോപണം.