അക്ബറെ മഹാനെന്ന് വിശേഷിപ്പിക്കരുത് മഹാറാണാ പ്രതാപാണ് മഹാനായ ഭരണാധികാരി അഹിന്ദുക്കളും വിദേശീയരുമായവരെ രാജാവായി അംഗീകരിക്കാൻ കഴിയില്ല
ഉത്തർപ്രദേശ്: മുഗൾചക്രവർത്തിയായിരുന്ന അക്ബർ മഹാനായ ഭരണാധികാരിയായിരുന്നില്ല എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പതിനാറാം നൂറ്റാണ്ടിലെ മഹാറാണാ പ്രതാപാണ് ആ വിശേഷണത്തിന് ഏറ്റവും അനുയോജ്യനായ ഭരണാധികാരി എന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. ആരവല്ലി പർവ്വതനിരകളിലെ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു മഹാറാണാ പ്രതാപ്. അക്ബറിനെ ചക്രവർത്തിയായി അംഗീകരിക്കാൻ റാണാ പ്രതാപ് വിമുഖത പ്രകടിപ്പിച്ചിരുന്നു. മഹാറാണാ പ്രതാപിന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ആർ എസ് എസിന്റെ മാസികയായ ആവാഹ് പ്രഹ്ര്രിയുടെ പ്രകാശനവും ചടങ്ങിൽ സംഘടിപ്പിച്ചിരുന്നു.
അഹിന്ദുക്കളും വിദേശീയരുമായവരെ രാജാവായി അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞയാളായിരുന്നു മഹാറാണ് പ്രതാപ്. ചരിത്രത്തെ വളച്ചൊടിക്കാൻ ആർക്കും സാധിക്കില്ല. മഹാനായ പ്രതാപിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാകണം ജനം മുന്നോട്ട് പോകേണ്ടതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സ്വന്തം ലാഭത്തിന് വേണ്ടി ചരിത്രത്തെയും സംസ്കാരത്തെയും രാജ്യത്തെയും ഒറ്റുകൊടുക്കാൻ ചിലർ തയ്യാറാകുന്ന കാഴ്ചയാണ് ഇന്ന് കാണാൻ സാധിക്കുക. അത്തരക്കാർ നേരിടേണ്ടിവരുന്ന നഷ്ടം വളരെ വലുതായിരിക്കും. പിന്നാക്ക വിഭാഗത്തിന് വേണ്ടി പോരാടിയ രാജാവായിരുന്നു മഹാറാണാ പ്രതാപ് എന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.
