യുവതിയുടെ പരാതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിച്ച് തീരുമാനിക്കും. അന്നത്തെ ടെലിവിഷന്‍ പരിപാടിയുടെ സംവിധായകനായ ഡെറിക് ഒബ്രെയ്ന്‍ തന്‍റെ സുഹൃത്താണെന്നും എന്തെങ്കിലും ആരോപണം തനിക്കെതിരെ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം നേരിട്ട് പറയുമായിരുന്നുവെന്നും അങ്ങനെ ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുകേഷ് വ്യക്തമാക്കി.
തിരുവനന്തപുരം: ടെസ് ജോസഫ് എന്ന ടെലിവിഷന്‍ സാങ്കേതിക പ്രവര്‍ത്തകയുടെ 'മീ ടു' ആരോപണം നിഷേധിച്ച് നടനും എംഎല്‍എയുമായ മുകേഷ്. പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്തിട്ടില്ല. ആരോപണം ഉന്നയിച്ച യുവതിയെ കണ്ടതായി ഓര്‍ക്കുന്നില്ല. യുവതി തെറ്റിദ്ധരിച്ചതാകാമെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഫോണ്‍ വിളിച്ചത് താനാണെന്ന് എങ്ങനെ പറയാനാകും. അത് മറ്റൊരു മുകേഷ് കുമാര്‍ ആകാനും സാധ്യതയുണ്ടെന്നും എന്തോ തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കി.
ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നാണ് അവര്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെ ഫോണിലൂടെ മോശമായി സംസാരിക്കുന്ന ഒരാളല്ല താന്‍. യുവതിയുടെ പരാതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിച്ച് തീരുമാനിക്കും. അന്നത്തെ ടെലിവിഷന്‍ പരിപാടിയുടെ സംവിധായകനായ ഡെറിക് ഒബ്രെയ്ന്‍ തന്‍റെ സുഹൃത്താണെന്നും എന്തെങ്കിലും ആരോപണം തനിക്കെതിരെ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം നേരിട്ട് പറയുമായിരുന്നുവെന്നും അങ്ങനെ ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുകേഷ് വ്യക്തമാക്കി.
ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ടെസ് ജോസഫ് ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്‍റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്. കൊല്‍ക്കത്ത സ്വദേശിയായ ടെസ് ഇപ്പോള്‍ കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്
നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്‍റെ മേധാവിയായ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു എന്നാണ് ടെസ് പറയുന്നത്. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.
ആഗോളതലത്തില്‍ തന്നെ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയ മീടു ക്യാംപെയിന്‍ ഇന്ത്യയില്‍ തുടങ്ങിയത് ഈ ക്യാംപെയിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ്. നടി തനുശ്രീ ദത്ത മുതിര്‍ന്ന നടന്‍ നാനപടേക്കര്‍ക്കെതിരെ നടത്തിയ ആരോപണം ഈ ക്യാംപെയിന് ജീവന്‍ നല്‍കി. കേന്ദ്രമന്ത്രി എംജെ അക്ബര്‍ അടക്കം അനവധിപ്പേരാണ് മീടു ആരോപണത്തിന്‍റെ നിഴലില്‍ നില്‍ക്കുന്നത്.
അതേ സമയം സിപിഎം എംഎല്‍എ കൂടിയായ മുകേഷിനെതിരായ ആരോപണത്തിന്‍റെ നിയമവശങ്ങളും പരിഗണിച്ച് പ്രതികരിക്കാം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. സംഭവത്തില്‍ പ്രതികരണത്തിന് മുകേഷ് വൈസ് പ്രസിഡന്‍റായ താര സംഘടന അമ്മ തയ്യാറായില്ല.
